ഡൊഡോമ: മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ കലാപം രൂക്ഷം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 800 ലധികം പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവരാണ് തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നത്. നൂറുകണക്കിനാളുകളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്.
കലാപത്തെ തുടർന്ന് പലയിടങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കി. ഇത് യാത്രകളെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായാണ് വിവരം. നവംബർ മൂന്നിന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികൾ തുറക്കുന്നത് സർക്കാർ മാറ്റിവച്ചു. അക്രമങ്ങളിൽ എത്രപേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2025 ഒക്ടോബർ 29 നായിരുന്നു തിരഞ്ഞെടുപ്പ്.
അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്.
പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ നിന്ന് തടയുകയോ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയോ ചെയ്തതിനെ തുടർന്ന്, ഈ തിരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് കിരീടധാരണമായിരുന്നുവെന്നാണ് വിമർശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നത്. കലാപം അടിച്ചമർത്താൻ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.