നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി; നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് 'അമ്മ' ഭാരവാഹികള്‍

നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി; നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് 'അമ്മ' ഭാരവാഹികള്‍

കൊച്ചി: നടന്‍ ഷമ്മി തിലകനെ താര സംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറല്‍ ബോഡിക്ക് പുറത്താക്കാന്‍ അഭിപ്രായമില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. ഷമ്മിക്കെതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും സിദ്ദിഖ് പറഞ്ഞു.

കൊച്ചിയില്‍ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമ്മ' മാഫിയ സംഘമാണെന്നത് ഉള്‍പ്പടെ സംഘടനയ്ക്കെതിരായി സമൂഹ മാധ്യമങ്ങളില്‍ അടക്കം തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചുവെന്ന് സിദ്ദിഖ് പറഞ്ഞു. തീരുമാനം എടുക്കാന്‍ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തി. ഷമ്മി തിലകനില്‍ നിന്ന് വിശദീകരണം തേടുമെന്നും വ്യക്തമാക്കി.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡിയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരുന്നു വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ എന്നതും. ഇതില്‍ രണ്ടാമത്തേത് സംഭവിച്ചു. ഷമ്മി തിലകനെ അച്ചടക്ക ലംഘനം നടത്തിയെന്നു പറഞ്ഞ് 'അമ്മ'യില്‍ നിന്ന് പുറത്താക്കി. അച്ഛന്‍ തിലകനോട് സ്വീകരിച്ച അതേ നടപടി മകന്‍ ഷമ്മിയുടെ കാര്യത്തിലും 'അമ്മ' ആവര്‍ത്തിക്കുകയായിരുന്നു.'

വിലക്ക് നേരിട്ടിരുന്ന സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ സഹകരിച്ചതും 'അമ്മ'ക്കെതിരെ ശബ്ദിച്ചതുമാണ് തിലകന് വിലക്ക് വീഴാനുള്ള കാരണം. ഒടുവില്‍ തിലകന്‍ തങ്ങളിലൊരാളാണെന്ന് താരസംഘടനയ്ക്ക് പറയേണ്ടിയും വന്നു. അതിന് ഹേതുവായത് മകന്‍ ഷമ്മി തിലകന്റെ ശക്തമായ ഇടപെടലുകളാണ്. അതേയാള്‍ക്കാണ് ഇപ്പോള്‍ പിതാവിന് സമാനമായി സംഘടനയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നത്.

തിലകനോട് 'അമ്മ' കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച് 2009 മുതല്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഷമ്മി. നടന്‍ മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകന്‍ 'അമ്മ'യിലേക്ക് തിരികെ എത്തുന്നത്. മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.