ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്ന് പത്രിക നല്‍കും. പാര്‍ലമെന്റില്‍ റിട്ടേണിംങ് ഓഫീസര്‍ പിസി മോഡിക്ക് മുമ്പാകെ പന്ത്രണ്ട് മണിക്കാവും പത്രിക നല്‍കുക. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ സിന്‍ഹയ്‌ക്കൊപ്പം എത്തും.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാള്‍ കൂടുതലായി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്നാണ് യശ്വന്ത് സിന്‍ഹ വ്യക്തമാക്കുന്നത്. ബിജെപി എംപിയായ മകന്‍ ജയന്ത് സിന്‍ഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ താന്‍ ധര്‍മ്മ സങ്കടത്തിലല്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അവന്‍ അവന്റെ രാജധര്‍മം പിന്തുടരുന്നു, ഞാന്‍ എന്റെ രാഷ്ട്ര ധര്‍മ്മം പിന്തുടരും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ തിരഞ്ഞെടുപ്പ് കേവലം ഇന്ത്യന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്നതിലുപരി, സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങളെ ചെറുക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ മുന്നോട്ടു വെക്കുന്നത്. ഒരു വ്യക്തിയെ ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ സമൂഹത്തിന്റെ ഉയര്‍ച്ച ഉറപ്പാക്കുന്നില്ലെന്നും ബിജെപി ദ്രൗപതി മുര്‍മുവിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഉണര്‍ന്ന് മുഴുവന്‍ സംവിധാനവും പരിഷ്‌കരിച്ചില്ലെങ്കില്‍ തുരങ്കത്തിന്റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാന്‍ കഴിയില്ല. നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാന്‍ ജനം ഉണരണം. രാഷ്ട്രപതി ഭവനില്‍ മറ്റൊരു റബ്ബര്‍ സ്റ്റാമ്പ് ഉണ്ടെങ്കില്‍ അത് വലിയ ദുരന്തമായിരിക്കുമെന്നും യശ്വന്ത് സിന്‍ഹ പറയുന്നു.
അതേസമയം ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ പിന്തുണ ആര്‍ക്കെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ബിഎസ്പി ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും തന്നെ പ്രതിപക്ഷം ചര്‍ച്ചകള്‍ക്ക് വിളിക്കാത്തത് ജാതീയതാണെന്നുമാണ് മായാവതിയുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.