നൈജീരിയയില്‍ രണ്ട് വൈദികരെ മത തീവ്രവാദികള്‍ കൊലപ്പെടുത്തി; ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമം തടയാതെ സര്‍ക്കാര്‍

നൈജീരിയയില്‍ രണ്ട് വൈദികരെ മത തീവ്രവാദികള്‍ കൊലപ്പെടുത്തി; ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമം തടയാതെ സര്‍ക്കാര്‍

കടുന: നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ ചുടുചോര വീഴുന്ന മറ്റൊരു വാരാന്ത്യം കൂടി. ഇത്തവണ രണ്ട് പുരോഹിതന്മാരെ മത തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയില്‍ രണ്ടിടത്തായി വൈദികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കടുന സ്റ്റേറ്റ് പോളിടെക്നിക്കിലെ കത്തോലിക്കാ ചാപ്ലിന്‍ ഫാ.വിറ്റസ് ബൊറോഗോ (50), എഡോ ഉസൈറു ഇകാബിഗ്‌ബോയിലെ സെന്റ് മൈക്കല്‍ കാത്തലിക് പള്ളി റക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ ഒഡിയ (41) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈദികരുടെ കൊലപാതകത്തില്‍ ഇരു രൂപതകളും പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി.

കടുന അതിരൂപതയിലെ വൈദികനായ ഫാ. വിറ്റസ് ബൊറോഗോ 25 ന് ശനിയാഴ്ച്ചയാണ് കൊലപ്പെട്ടത്. കഡുന-കാച്ചിയ റോഡിലുള്ള കുജാമയിലെ ഫാമില്‍ തീവ്രവാദികള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും തുടര്‍ന്ന് വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയുമായിരുന്നു.

ഔച്ചി രൂപതാ വൈദികനായ ഫാ. ക്രിസ്റ്റഫര്‍ ഒഡിയയെ 26ന് ഞായറാഴ്ച്ച രാവിലെ 6.30 ന് ഉസൈറു ഇകാബിഗ്‌ബോയിലെ സെന്റ് മൈക്കല്‍ കാത്തലിക് പള്ളിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ പിന്നീട് തീവ്രവാദികള്‍ കൊലപ്പെടുത്തി. സെന്റ് മൈക്കിള്‍സിന്റെ അഡ്മിനിസ്‌ട്രേറ്ററും ജട്ടുവിലെ സെന്റ് ഫിലിപ്പ് കാത്തലിക് സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ് ഫാ. ക്രിസ്റ്റഫര്‍ ഒഡിയ.

യുകെ ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ പഠനം അനുസരിച്ച് നൈജീരിയയില്‍ ഏറ്റവും കൂടുതല്‍ മതതീവ്രവാദ ആക്രമണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കടുന. ശക്തമായ പൊലീസ് സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നിത്യ സംഭവമാണ്.

ഈ മാസം ആദ്യം കടുന സംസ്ഥാനത്തെ ഒരു കത്തോലിക്കാ പള്ളിയിലും ബാപ്റ്റിസ്റ്റ് പള്ളിയിലും തോക്കുധാരികള്‍ ആക്രമണം നടത്തി മൂന്ന് പേരെ കൊല്ലപ്പെടുത്തുകയും 30 ലധികം വിശ്വാസികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജൂണ്‍ അഞ്ചിന് ഛിറീ സംസ്ഥാനത്തെ ഒരു കത്തോലിക്കാ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 40 ലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.

ഓരോ സംഭവങ്ങളും കഴിയുമ്പോള്‍ അക്രമികളെ കണ്ടെത്തുമെന്നും ആക്രമണങ്ങള്‍ തടയുമെന്നുമുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു എന്നല്ലാതെ അക്രമികളെ പിടികൂടുന്നതിനോ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. ലോകത്ത് ക്രിസ്ത്യാനിക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ 80 ശതമാനവും നൈജീരിയയിലാണ്. 2021 ല്‍ 4,650 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. 2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 900 ഓളം പേരും കൊല ചെയ്യപ്പെട്ടതായാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.