ദക്ഷിണാഫ്രിക്കയിലെ നിശാ ക്ലബ്ബില്‍ 21 കുട്ടികളുടെ ദുരൂഹ മരണം; കാരണം കണ്ടെത്താനാകാതെ പോലീസ്

ദക്ഷിണാഫ്രിക്കയിലെ നിശാ ക്ലബ്ബില്‍ 21 കുട്ടികളുടെ ദുരൂഹ മരണം; കാരണം കണ്ടെത്താനാകാതെ പോലീസ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ തീരദേശ നഗരമായ ഈസ്റ്റ് ലണ്ടനില്‍ നിശാ ക്ലബില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പരീക്ഷ തീര്‍ന്നത് ആഘോഷിക്കാന്‍ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസില്‍ താഴെയുള്ള 21 കൗമാരക്കാരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. എട്ട് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേണ്‍ കേപ് പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. 13 വയസ് മാത്രം പ്രായമുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടും.

ഹൈസ്‌കൂള്‍ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ല. മൃതദേഹങ്ങള്‍ മേശകള്‍ക്കും കസേരകള്‍ക്കും ഇടയില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ പറയാനാകൂ. മൃതദേഹങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി കേപ് ടൗണിലെ ടോക്‌സിക്കോളജി ലാബിലേക്ക് കൊണ്ടുപോയി.

പതിനേഴു പേര്‍ ഭക്ഷണശാലയ്ക്കുള്ളില്‍ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ മരിച്ചു. മുപ്പത്തിയൊന്ന് പേരെ നടുവേദന, നെഞ്ചുവേദന, ഛര്‍ദ്ദി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ മിക്കവരും ഞായറാഴ്ച ആശുപത്രി വിട്ടു.

സാധാരണയായി ഷെബീന്‍സ് എന്നറിയപ്പെടുന്ന ടൗണ്‍ഷിപ്പ് ഭക്ഷണശാലകളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മദ്യപാനം അനുവദനീയം. എന്നാല്‍ പലപ്പോഴും 18 വയസിന് താഴെയുള്ളവര്‍ക്കും മദ്യം നല്‍കാറുണ്ട്. ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രസിഡന്റ് സിറില്‍ റമാഫോസ അനുശോചനം അറിയിച്ചു.

ശൂന്യമായ മദ്യക്കുപ്പികളും വിഗ്ഗുകളും മറ്റും ഭക്ഷണശാലയ്ക്ക് സമീപം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ല. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ പരീക്ഷകള്‍ അവസാനിച്ചതിന് ശേഷം നടന്ന ''പെന്‍സ് ഡൗണ്‍'' പാര്‍ട്ടികള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.