എതിർപ്പുകളോട് കോപത്തോടെയല്ല നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കാം: ഫ്രാന്‍സിസ് പാപ്പ

എതിർപ്പുകളോട് കോപത്തോടെയല്ല  നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കാം:  ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ജറുസലേമിലേക്കു വരാനുള്ള യേശുവിന്റെ തീരുമാനമാണ് അവിടുത്തെ ജീവിതത്തില്‍ നിര്‍ണായകമായതെന്ന് ഫ്രാന്‍സിസ് പാപ്പ. തിരസ്‌കരണവും വേദനയും മരണവും മുന്നില്‍ കണ്ടുകൊണ്ടു തന്നെയായിരുന്നു ഈ തീരുമാനം. സമാനമായ രീതിയില്‍ നമുക്ക് ഓരോരുത്തര്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും മാര്‍പാപ്പ സൂചിപ്പിച്ചു.

ഞായറാഴ്ച (ജൂണ്‍ 26) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പാ. ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.

ദിവ്യബലി മധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്‍പതാം അദ്ധ്യായം അന്‍പത്തിയൊന്നു മുതല്‍ അറുപത്തിരണ്ടു വരെയുള്ള വാക്യങ്ങളാണ് സന്ദേശത്തിനായി പാപ്പ തെരഞ്ഞെടുത്തത്. യേശു ഉറച്ച തീരുമാനത്തോടെ, പിതാവിന്റെ ഹിതം നിറവേറ്റാനായി, തന്റെ ശിഷ്യന്മാര്‍ക്കൊപ്പം ജെറുസലേമിലേക്ക് പോകുന്നതും വഴിമധ്യേ സമരിയക്കാരുടെ ഗ്രാമത്തില്‍ തിരസ്‌കരിക്കപ്പെടുന്നതുമായ ഭാഗമാണ് വിശദീകരിച്ചത്.

എതിര്‍പ്പുകളോട് കോപത്തോടു കൂടി പ്രതികരിക്കാതെ, തിരസ്‌കരണവും വേദനയും മരണവും ജറുസലേമില്‍ തന്നെ കാത്തിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, ഉറച്ച ചുവടുവയ്‌പ്പോടെ അവിടേക്കു പോകാന്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ച യേശുവിന്റെ പാത അനുഗമിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

യേശുവിന്റെ ശിഷ്യന്മാരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാമും ജീവിതത്തില്‍ ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഉറച്ച ബോധ്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി യേശുവിന്റെ പാത പിന്തുടരുന്ന യഥാര്‍ഥ ശിഷ്യരായി മാറുകയാണ് വേണ്ടത്.

അന്നത്തെ സുവിശേഷ വായനയില്‍ യാക്കോബ്, യോഹന്നാന്‍ അപ്പസ്‌തോലന്മാരും യേശുവുമായുള്ള സംഭാഷണം പാപ്പ ചൂണ്ടിക്കാട്ടി. യേശു ജെറുസലേമിലേക്കാണ് പോകുന്നതെന്നറിഞ്ഞ, സമരിയക്കാരുടെ ഒരു ഗ്രാമം അവനെ സ്വീകരിച്ചില്ല. ഇതില്‍ രോക്ഷാകുലരായ യാക്കോബ്, യോഹന്നാന്‍ അപ്പസ്‌തോലന്മാര്‍, സ്വര്‍ഗത്തില്‍നിന്ന് തീയിറക്കി ആ ജനതയെ ശിക്ഷിക്കാന്‍ യേശുവിനോട് ഉപദേശിക്കുന്നു. യേശു ആ ഉപദേശം സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ശിഷ്യന്മാരെ ശാസിക്കുകയും ചെയ്യുന്നു. യേശു ഭൂമിയിലേക്കു കൊണ്ടുവരുന്ന 'അഗ്‌നി' പിതാവിന്റെ കരുണാര്‍ദ്രമായ സ്‌നേഹമാണ്.

കോപത്തിന് കീഴടക്കാന്‍ തങ്ങളെത്തന്നെ അനുവദിക്കുന്ന യാക്കോബിനെയും യോഹന്നാനെയും
പോലെ, നമ്മുടെ പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ നന്മയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും നമുക്ക് ദേഷ്യം വരാമെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. എന്നാല്‍ യേശു, കോപത്തിന്റെ വഴിയിലല്ല, മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനത്തിന്റെ മറ്റൊരു വഴിയെ സഞ്ചരിക്കുന്നു. ഈ തീരുമാനം കഠിനമാണ്. ശാന്തത, ക്ഷമ, ദീര്‍ഘക്ഷമത എന്നിവയെ സൂചിപ്പിക്കുന്നതുമാണ്. നന്മ ചെയ്യുന്നതില്‍നിന്ന് അല്‍പം പോലും പിന്നോട്ടു പോകുന്നുമില്ല.

എതിര്‍പ്പുകളെ നേരിടുമ്പോള്‍ യേശുവിനെപ്പോലെ കുറ്റപ്പെടുത്തലുകളില്ലാതെ നന്മ ചെയ്യണമെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. എതിര്‍പ്പുകളുടെയും തെറ്റിദ്ധാരണകളുടെയും നടുവില്‍ നാം കര്‍ത്താവിലേക്കു തിരിയുന്നുണ്ടോ? അവിടുത്തെ സഹായത്തിനായി അപേക്ഷിക്കുന്നുണ്ടോ? അതോ നമ്മുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കാതെ വരുമ്പോള്‍ നാം കയ്‌പേറിയവരും നീരസമുള്ളവരുമായി തീരുമോ? എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം.

ചിലപ്പോള്‍ നാം വിചാരിക്കും, നമ്മുടെ ആവേശം ഒരു നല്ല കാര്യത്തിനു വേണ്ടിയുള്ള നീതിബോധം കൊണ്ടാണെന്ന്. എന്നാല്‍ വാസ്തവത്തില്‍, അത് അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല. ബലഹീനതയും സംവേദനക്ഷമതയും അക്ഷമയും കൂടിച്ചേര്‍ന്നതാണ്.'

യേശുവിനെപ്പോലെ ആയിത്തീരാനും, സേവനത്തിന്റെ പാതയില്‍ ഉറച്ച തീരുമാനത്തോടെ അവിടുത്തെ അനുഗമിക്കാനുമുള്ള ശക്തിക്കായി നമുക്ക് അപേക്ഷിക്കാം. നന്മ ചെയ്താലും മറ്റുള്ളവര്‍ക്ക് ഇത് മനസിലാകാതെ വരുമ്പോള്‍ പ്രതികാരബുദ്ധിയോടെയും അസഹിഷ്ണുതയോടെയും പെരുമാറാതിരിക്കാന്‍ നമുക്ക് അവിടുത്തോട് അപേക്ഷിക്കാം. നിശ്ശബ്ദരായിരിക്കുകയും മുന്നോട്ടു പോവുകയും ചെയ്യാം - സന്ദേശം ഉപസംഹരിച്ച് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.