ചോദ്യം ചെയ്യല്‍ തുടരുന്നു; ചെയ്തതെല്ലാം നിയമപ്രകാരമെന്ന് ആര്‍.ബി. ശ്രീകുമാര്‍

ചോദ്യം ചെയ്യല്‍ തുടരുന്നു; ചെയ്തതെല്ലാം നിയമപ്രകാരമെന്ന് ആര്‍.ബി. ശ്രീകുമാര്‍

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് താന്‍ ചെയ്തതെല്ലാം ശരിയാണെന്നും തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഉള്‍പ്പെടെ പങ്കുള്ള ശ്രീകുമാറിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസില്‍ അറസ്റ്റിലായ ശ്രീകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. റായ്ഗഢിലുള്ള ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ഗുജറാത്ത് കലാപത്തില്‍ നിരപരാധികളെ പ്രതികളാക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ശ്രീകുമാറിനെയും സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.

വ്യാജരേഖ സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചില്ലെന്നാണ് പ്രത്യേകാന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറയുന്നത്. നാലു മണിക്കൂറോളം ശ്രീകുമാറിനെ ചോദ്യംചെയ്തു. ഉത്തരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് തീസ്ത ആവശ്യപ്പെട്ടത്. എന്തെങ്കിലം വെളിപ്പെടുത്താനുണ്ടെങ്കില്‍ കോടതിയില്‍ പറയാമെന്നും അവര്‍ പോലീസിനെ അറിയിച്ചു.

എഫ്.ഐ.ആര്‍. രേഖകളെ ആസ്പദമാക്കിയായതിനാല്‍ പ്രതികള്‍ നിസ്സഹകരിച്ചാലും പ്രശ്നമില്ലെന്നാണ് അന്വേഷകരുടെ നിലപാട്. എന്നാല്‍ വേറെ ആരൊക്കെ രേഖകള്‍ നിര്‍മിക്കാന്‍ സഹകരിച്ചുവെന്ന് അറിയേണ്ടതുണ്ട്.

തീസ്തയുമായി തെറ്റിപ്പിരിഞ്ഞ ചില സഹപ്രവര്‍ത്തകരുടെ മൊഴികള്‍ നേരത്തേ തന്നെ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ ഫീല്‍ഡ് കോ-ഓര്‍ഡിനേറ്ററായിരുന്ന റയിസ് ഖാന്‍ പഠാന്റെ സത്യവാങ്മൂലം അന്വേഷകര്‍ക്ക് മുമ്പിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.