തക്കാളിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങള്‍ എന്തൊക്കെ?

തക്കാളിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങള്‍ എന്തൊക്കെ?

സംസ്ഥാനത്ത് തക്കാളിപ്പനി വ്യാപിക്കുന്നു. ഹൈറേഞ്ച് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കി അടക്കം പല ജില്ലകളിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 വയസില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടു വരുന്നത്.

സ്‌കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനം ഉണ്ടായത്. കുട്ടികള്‍ അടുത്ത് ഇടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടു വരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാകും. തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും.

വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം.
തക്കാളിപ്പനി കൂടുന്ന സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറ്റ് വൈറല്‍ പനികളെ പോലെ തക്കാളിപ്പനിയും ഒരാളില്‍ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ചുവന്ന തടിപ്പുകള്‍ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ വിശ്രമം ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.