ഉദ്ധവ് താക്കറെ സര്‍ക്കാരിന് വന്‍ തിരിച്ചടി; വിശ്വാസ വോട്ടിന് സ്‌റ്റേയില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

ഉദ്ധവ് താക്കറെ സര്‍ക്കാരിന് വന്‍ തിരിച്ചടി; വിശ്വാസ വോട്ടിന് സ്‌റ്റേയില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

മുംബൈ: ഉദ്ധവ് താക്കറെ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. നാളെ പ്രഖ്യാപിച്ച വിശ്വാസ വോട്ടെടുപ്പ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ശിവസേന കോടതിയെ സമീപിച്ചത്. കോടതി ഹര്‍ജി തള്ളിയതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാളെ വൈകുന്നേരം അഞ്ചിന് മുമ്പായി നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോസിയാരി ആവശ്യപ്പെട്ടിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശിവസേനയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയാണു കോടതിയില്‍ ഹാജരായത്. എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ വിദേശത്താണ്. അര്‍ഹരായവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കാത്തതു ശരിയല്ലെന്നും അഭിഷേക് സിങ്‌വി വാദിച്ചു.

എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് സിങ്വി ചോദിച്ചു. സൂപ്പര്‍സോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മില്‍ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു.

വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയില്‍ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‌വി മറുപടി പറഞ്ഞു. ഈ വാദം സുപ്രീംകോടതി തള്ളുകയും ചെയ്തു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.