മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേക്ക്; ഇന്ന് ഗവര്‍ണറെ കണ്ടേക്കും

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേക്ക്; ഇന്ന് ഗവര്‍ണറെ കണ്ടേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേക്ക്. ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേനാ വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ത്ത് മന്ത്രിസഭ രൂപവത്കരണത്തിനുള്ള നീക്കം പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നവസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഊര്‍ജിതമാക്കി. ബുധനാഴ്ച വൈകുന്നേരം ഗവര്‍ണറെ കണ്ട ദേവേന്ദ്ര ഫട്നവിസ് ഇന്ന് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

മുംബൈയിലെത്തിയ മുഴുവന്‍ ബി.ജെ.പി എം.എല്‍.എമാരും നഗരത്തിലെ പ്രസിഡന്റ് ഹോട്ടലില്‍ താമസിക്കുകയാണ്. ഗോവയിലുള്ള ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത സംഘം വ്യാഴാഴ്ച രാവിലെ തന്നെ മുംബൈയിലെത്തും. ബി.ജെ.പിയുമായി സര്‍ക്കാര്‍ രൂപവല്‍ക്കരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ശിവസേനാ വിമതനേതാക്കള്‍ അറിയിക്കുകയും ചെയ്തു.

ആഴ്ചകള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബുധനാഴ്ച ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. വിമതരുടെ ആവശ്യപ്രകാരം നിയമസഭയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നിന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തില്‍ സുപ്രീം കോടതി വിധി തിരിച്ചടിയായതാണ് രാജിയില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം കോടതി വിധി മാനിക്കുന്നെന്നും ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു. പാര്‍ട്ടിക്കും തനിക്കും പിന്തുണ നല്‍കിയതില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും ശിവസേനാ എം.എല്‍.എ.മാര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗത്വവും അദ്ദേഹം രാജിവെച്ചു.

സുപ്രീം കോടതി വിധി വരും മുന്‍പ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം സഹപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ ഉദ്ധവ് വിശ്വസ്തര്‍ തന്നെ ചതിക്കുകയായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. രാജിയിലേക്ക് വഴി തുറക്കുന്ന രീതിയിലാണ് ഉദ്ധവ് അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ചത്. ശിവസേന മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ട ഔറംഗബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റി. ഹിന്ദുത്വ അജന്‍ഡ എന്നതിലുപരി മറാഠി അസ്മിത (മറാഠി അഭിമാനം) തിരിച്ചുപിടിക്കാനുള്ള വഴിയിലാണ് പാര്‍ട്ടി സഞ്ചരിക്കുന്നതെന്ന് ഉദ്ധവ് അവസാന മന്ത്രിസഭാ യോഗത്തില്‍ ബോധ്യപ്പെടുത്തി.

മഹാരാഷ്ട്രയുടെ പത്തൊമ്പതാമത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ 2019 നവംബര്‍ 28നാണ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എം.എല്‍.എമാരും വിമത നീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്.

രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യ സര്‍ക്കാര്‍ രാജിവെച്ചത്. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തിനെതിരേ ശിവസേനയുടെ ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്. നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇടപെടേണ്ടെന്ന തീരുമാനത്തില്‍ അവധിക്കാല ബെഞ്ച് എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.