തമൗലിപാസ്: മയക്കുമരുന്ന് സംഘങ്ങളുടെ അതിക്രൂര ആക്രമണങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തരുടെ എണ്ണം മെക്‌സിക്കോയില്‍ കൂടിവരുന്നു. കഴിഞ്ഞ ദിവസം തമൗലിപാസ് സംസ്ഥാനത്ത് ഒരു മാധ്യമപ്രവര്‍ത്തകന്റെ കൂടി ജീവന്‍ നഷ്ടമായതോടെ ഈ വര്‍ഷം മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഒന്‍പതായി.
മൂന്ന് പതിറ്റാണ്ട് കാലം പ്രാദേശിക പത്രമായ എക്‌സ്‌പ്രെസോയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന അന്റോണിയോ ഡി ലാ ക്രൂസ് (47) നെയാണ് മയക്കുമരുന്ന് സംഘമെന്ന് കരുതുന്ന അക്രമികള്‍ വീട്ടില്‍ക്കയറി വെടിവച്ച് കൊലപ്പെടുത്തിയത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയും കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന ആളാണ് അന്റോണിയോ.
കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചിരിക്കവെ ആക്രമിസംഘം വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അദ്ദേഹത്തെയും മകളെയും വെടി വയ്ക്കുകയായിരുന്നു. അന്റോണിയോ തല്‍ക്ഷണം മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് വെടിയേറ്റില്ല.
തമൗലിപാസ് സംസ്ഥാന തലസ്ഥാനമായ സിയുഡാഡ് വിക്ടോറിയയിലെ വീട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് സംഘാംഗങ്ങളാകാം ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. തീരപ്രദേശമായ സിയുഡാഡ് വിക്ടോറിയ കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് കടത്തിന്റെ വാര്‍ത്തകള്‍ അന്റോണിയോ തന്റെ പത്രത്തിലൂടെ പുറത്തുവിട്ടിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കാനാകില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് തമൗലിപാസ് ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഗാര്‍സിയ കബേസ ഡി വാക്ക പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തമൗലിപാസ് അറ്റോര്‍ണി ജനറലിന്റെ ഓഫീസും വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ് മെക്‌സിക്കോ. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്ത്രം ഭീഷണികളും ആക്രമണങ്ങളും ഇവിടെ നടന്നുവരുന്നു. പ്രത്യേകിച്ച് മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്. ഈ വര്‍ഷം മെക്‌സിക്കോയില്‍ ഇതുവരെ എട്ട് മാധ്യമ പ്രവര്‍ത്തകരെയെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആര്‍ട്ടിക്കിള്‍ 19 പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.