മഴയത്ത് നനഞ്ഞ് വിറച്ച തെരുവുനായയോട് കാരുണ്യം കാട്ടിയ പെണ്‍കുട്ടി: ഹൃദ്യം ഈ വീഡിയോ

 മഴയത്ത് നനഞ്ഞ് വിറച്ച തെരുവുനായയോട് കാരുണ്യം കാട്ടിയ പെണ്‍കുട്ടി: ഹൃദ്യം ഈ വീഡിയോ

ചിലരുണ്ട്, നന്മകൊണ്ട് ജീവിതത്തെ പ്രകാശപൂരിതമാക്കുന്നവര്‍. ഇവര്‍ മറ്റുള്ളവര്‍ക്ക് പകരുന്ന വെളിച്ചം ചെറുതല്ല. മനുഷ്യന്‍ മനുഷ്യനോട് പോലും അനുകമ്പയോ സ്‌നേഹമോ പ്രകടിപ്പിക്കാത്ത കാലത്തും ചിലര്‍ വ്യത്യസ്തരാകുന്നു. കരുണ വറ്റാത്ത മനസ്സും സഹാനുഭൂതിയുടെ ആര്‍ദ്രതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കുന്ന ചിലര്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങള്‍ കീഴടക്കുന്നതും ഇത്തരത്തില്‍ അപൂര്‍വമായൊരു സ്‌നേഹക്കാഴ്ചയാണ്. ഒരു പക്ഷെ വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ സ്‌നേഹക്കാഴ്ച. ഒരു തെരുവുവീഥിയില്‍ മഴ നനഞ്ഞ് കിടക്കുകയാണ് ഒരു തെരുവുനായ. അസഹനീയമായ തണുപ്പില്‍ അത് വിറയ്ക്കുന്നു. നായയുടെ സമീപത്തു നിന്ന പെണ്‍കുട്ടി ഇത് ശ്രദ്ധിച്ചു. ഉടനെ അവള്‍ തന്റെ കൈയിലുണ്ടായിരുന്ന സ്‌കാര്‍ഫ് കൊണ്ട് ആ നായയെ പുതപ്പിച്ചു. പിന്നെ നടന്നകന്നു...


ആരേയും കാണിക്കാന്‍ വേണ്ടി ചെയ്തതല്ല ആ പെണ്‍കുട്ടി ഇതൊന്നും. അവളുടെ മുഖം പോലും വ്യക്തമല്ല ഈ വീഡിയോയില്‍. എന്നാല്‍ ഈ സ്‌നേഹദൃശ്യങ്ങള്‍ അവിചാരിതമായി സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ലോകം ആ പെണ്‍കുട്ടിയുടെ നന്മ മനസ്സിന് കൈയടിച്ചത്.

നാളുകള്‍ക്കു മുമ്പും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ ദൃശ്യങ്ങള്‍ വീണ്ടും ട്വീറ്റ് ചെയ്തപ്പോള്‍ വീഡിയോ വീണ്ടും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.