കാക്കനാടന്‍ പുരസ്‌കാരം ജോസ് ടി തോമസിന് ജൂലൈ ഒമ്പതിന് സമ്മാനിക്കും

കാക്കനാടന്‍ പുരസ്‌കാരം ജോസ് ടി തോമസിന് ജൂലൈ ഒമ്പതിന് സമ്മാനിക്കും

കോട്ടയം: അഞ്ചാമത് കാക്കനാടന്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സ്വതന്ത്ര എഡിറ്റോറിയല്‍ ഗവേഷകനുമായ ജോസ് ടി തോമസിന് ജൂലൈ ഒമ്പതിന് പുരസ്‌കാരം സമ്മാനിക്കും. കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് നല്‍കും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കാക്കനാടന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഏറെ വ്യത്യസ്തത നിറഞ്ഞ സാംസ്‌കാരിക ചരിത്ര പഠന ഗ്രന്ഥമായ 'കുരിശും യുദ്ധവും സമാധാനവും' എന്ന കൃതിയ്ക്കാണ് 25,555 രൂപയും ഫലകവും കീര്‍ത്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. എഴുത്തുകാരായ ബാബു കുഴിമറ്റം, ബാലചന്ദ്രന്‍ വടക്കേടത്ത്, പന്തളം സുധാകരന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ചരിത്രത്തിന്റെ യേശുവും വിശ്വാസത്തിന്റെ ക്രിസ്തുവും തമ്മിലുള്ള ദൂരം അളന്ന് ഭാവി ലോകക്രമത്തിന്റെ ദിശ അന്വേഷിക്കുന്ന പുസ്തകത്തിന് അറുപതിലേറെ ഇന്‍ഫോഗ്രാഫിക് പേജുകള്‍ അടക്കം 328 പേജുകളുണ്ട്. 420 രൂപയാണ് വില.

പത്രപ്രവര്‍ത്തനത്തില്‍ തികച്ചും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജോസ് ടി തോമസ് തൊണ്ണൂറുകളില്‍ ദീപികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ ആയിരിക്കേ പത്രത്തിന്റെ ലേഔട്ടിലും ഉള്ളടക്കത്തിലും വരുത്തിയ നിര്‍ണായക മാറ്റങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള 1989 ലെ സംസ്ഥാന അവാര്‍ഡ് ജോതാവായ അദ്ദേഹം മുപ്പത്തേഴാം വയസില്‍ ദീപികയില്‍ നിന്നും രാജി വച്ച് ആരംഭിച്ച സ്വതന്ത്ര എഡിറ്റോറിയല്‍ റിസര്‍ച്ചിന്റെ ഫലമാണ് മലയാളത്തിലെ ആദ്യ ഭാവി വിജ്ഞാനീയ ഗ്രന്ഥമായ 'ഭാവിവിചാര'വും (2016), 'കുരിശും യുദ്ധവും സമാധാനവും.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.