കോഴിക്കോട് മെഡിക്കല്‍ കോളജിലെ യൂറോളജി തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജിലെ യൂറോളജി തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. പൂപ്പല്‍ ബാധയെ തുടര്‍ന്നാണ് അടച്ചിടുന്നത്. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് രണ്ടുപേര്‍ക്ക് അണുബാധ ഉണ്ടായിരുന്നു. ഇവര്‍ വൃക്ക മാറ്റിവച്ചവരാണ്. ഇതാണ് പെട്ടെന്ന് അടയ്ക്കാന്‍ കാരണം.

വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പൂപ്പല്‍ബാധ വ്യക്തമായത്. തുടര്‍ന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. രണ്ടു പേര്‍ക്കും യഥാസമയം വിദഗ്ധ ചികിത്സ നല്‍കിയതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

എയര്‍കണ്ടീഷനറില്‍ നിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ചു. ഇവിടെനിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റര്‍ തുറക്കുകയുള്ളൂ.

പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയറ്റര്‍ താല്‍ക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നല്‍കി. മൂന്നു വിഭാഗങ്ങള്‍ക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളില്‍ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കുന്ന തരത്തിലാണു ക്രമീകരണം ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.