ഓരോ ദേശവും ഓരോ കഥകളാണ്. പല ദേശങ്ങളും പകര്‍ന്നു തരുന്ന കാഴ്ചകളും സംസ്‌കാരങ്ങളും വ്യത്യസ്തമാണ്. അവ പകര്‍ന്നു അറിവ് അമൂല്യവുമാണ്. അത്തരത്തില്‍ വ്യത്യസ്തമായൊരു പട്ടണമാണ് അമേരിക്കയിലെ അലാസ്‌ക.
യുഎസിലെ വലിയൊരു മഞ്ഞു പ്രദേശമാണ് അലാസ്‌ക. സാന്റാ ക്ലോസിന്റെയും പോളാര്‍ ബിയറിന്റെയും നാടെന്നാണ് അലാസ്‌ക അറിയപ്പെടുന്നത്. വിവരണങ്ങള്‍ ഏറെയാണ് ഈ മഞ്ഞു നഗരത്തിന്. ഇവിടെ പരിചയപ്പെടാന്‍ ഒരു കൊച്ചു പട്ടണമുണ്ട്. നിരവധി സവിശേഷതകളുള്ള വിറ്റിയര്‍ എന്ന ഒരു കൊച്ചു പട്ടണം.
വിറ്റിയര്‍ പട്ടണം മുഴുവന്‍ ഒരു കെട്ടിടത്തിന് കീഴിലാണ്. ഈ നഗരം വ്യത്യസ്തമാകുന്നതും ഇങ്ങനെയാണ്. നഗരത്തില്‍ എത്തിയാല്‍ ആദ്യം ശ്രദ്ധ പതിയുന്നത് ആ വലിയ കെട്ടിടത്തിലേയ്ക്കാണ്. വീടുകളും പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും കടകളും തുടങ്ങി സ്‌കൂള്‍ വരെ ഒറ്റ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണം. കെട്ടിടത്തിനുള്ളില്‍ തന്നെ ഒരു മെഡിക്കല്‍ ക്ലിനിക്കും ഏറ്റവും താഴത്തെ നിലയില്‍ ഒരു ആരാധനാലയവുമുണ്ട്.
അതെ, അലാസ്‌കയിലെ ഈ ചെറുപട്ടണത്തിന് പറയാനുള്ളത് വ്യത്യസ്തമായ കഥയാണ്. മുന്‍പ് സായുധ സേനാ ബാരക്കായിരുന്ന 'ബെഗിച് ടവര്‍' എന്ന് പേരുള്ള 14 നില കെട്ടിടത്തിലാണ് വിറ്റിയര്‍ നിവാസികള്‍ താമസിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു ഈ നഗരത്തിന്റെ വളര്‍ച്ച. ആദ്യം സൈനിക താവളമായിരുന്ന ഇവിടെ പിന്നീട് ജനങ്ങള്‍ താമസിക്കാന്‍ തുടങ്ങുകയായിരുന്നു.
നിറയെ ആളുകള്‍ താമസിച്ചിരുന്ന നഗരം 1964ലെ ഭൂകമ്പത്തോടെയാണ് മാറിത്തുടങ്ങുന്നത്. ഭൂകമ്പം വരുത്തി വെച്ച നാശനഷ്ടത്തില്‍ ഇവിടം തകര്‍ന്നു എന്ന് വേണം പറയാന്‍. ഇതോടെ പട്ടണം ഉപേക്ഷിച്ച് മറ്റു നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. കുറച്ച് പേര്‍ മാത്രം അവശേഷിച്ച, സാമ്പത്തികമായി തകര്‍ന്ന പട്ടണത്തിലെ നിവാസികള്‍ ചെലവ് കുറച്ച് ജീവിക്കാന്‍ ബെഗിച് ടവറിലേക്ക് താമസം മാറ്റി എന്നാണ് ഈ നഗരത്തെ കുറിച്ചുള്ള ചരിത്രം.
പട്ടണത്തില്‍ ഇന്ന് ആകെ 300 കുടുംബങ്ങളാണ് ഉള്ളത്. അതില്‍ തന്നെ 85 ശതമാനം പേരും ഒരു കൂരയ്ക്ക് കീഴില്‍ കഴിയുന്നവരാണ്. എന്താവശ്യത്തിനും ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. സ്‌കൂളില്‍ എത്താന്‍ ഒരു ഇടനാഴിയുടെ ദൂരമേയുള്ളു. കോണിപ്പടികളുടെ ദൂരം മാത്രം ബാക്കിവ്വെക്കുന്ന ആവശ്യങ്ങളെ ഇവിടുത്തുകാര്‍ക്കുള്ളു.
വിളിപ്പാടകലെയുള്ള കൂട്ടുകാരുമായി മിക്ക സമയവും ചെലവഴിക്കുന്നവരാണ് ഇവിടുത്തെ കുട്ടികള്‍. കെട്ടിടത്തിന്റെ ബേസ്മെന്റും ലോബിയും ഇവരുടെ ഇഷ്ട കളിയിടങ്ങളാണ്. ഹിമപരപ്പുകളില്‍ ഹൈക്കിങ്ങിനും സ്‌കീയിങ്ങുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നവര്‍. നീല നിറത്തിലുള്ള ലോഗോയുള്ള ലോകത്തിലെ ഏക മക്ഡൊണാള്‍ഡ്‌സ് കടയും ഇവിടെയാണ്.
ഇവിടുത്തുകാരെല്ലാം ബെഗിച് ടവറില്‍ ഒരുമിച്ച് താമസിക്കുന്നതിന് മറ്റൊരു കാരണവും പറയപ്പെടുന്നുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ഇടമാണ് വിറ്റിയര്‍. പ്രത്യേകം ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇവിടെ പലര്‍ക്കുമില്ല. അതുകൊണ്ടാണ് ഇവിടെയുള്ളവരെല്ലാം ഒരു കെട്ടിടത്തിന് കീഴില്‍ കഴിയുന്നത് എന്നും പറയപ്പെടുന്നു.
ഇവിടേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. ബോട്ട് മാര്‍ഗമോ അല്ലെങ്കില്‍ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വണ്‍ വേ ടണലിലൂടെയോ മാത്രമേ ഇവിടേക്ക് എത്തിപെടാന്‍ സാധിക്കുകയുള്ളു. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാണ് ടണല്‍ മാര്‍ഗമുള്ള ഗതാഗതം. പട്ടണത്തിന് പുറത്തേക്ക് പോകേണ്ടവര്‍ ടണല്‍ സര്‍വീസിന്റെ സമയം അനുസരിച്ച് യാത്രകള്‍ ക്രമീകരിക്കണം.
തിങ്ങിനിറഞ്ഞ നഗര ജീവിതവും തിരക്ക് പിടിച്ച റോഡുകളും നിത്യ ജീവിതത്തിന്റെ ഭാഗമായ നമുക്കൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഈ ചെറുപട്ടണം പകര്‍ന്നു തരുന്ന തിരിച്ചറിവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.