അമേരിക്കയില്‍ ഒരു വയസുകാരന്‍ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍; ഒരു വര്‍ഷം ഇങ്ങനെ മരിക്കുന്നത് 38 കുഞ്ഞുങ്ങള്‍

അമേരിക്കയില്‍ ഒരു വയസുകാരന്‍ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍; ഒരു വര്‍ഷം ഇങ്ങനെ മരിക്കുന്നത് 38 കുഞ്ഞുങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ കാറില്‍ ഒരു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കാറിലിരുത്തി പിതാവ് ജോലിക്കു പോയതായിരുന്നു. ചൂട് സഹിക്കാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മെബേനിലെ നിര്‍മാണ ഫാക്ടറിയിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. സമാനമായ രീതിയില്‍ കാറില്‍ ചൂട് സഹിക്കാനാകാതെ ഈ വര്‍ഷം ഇതുവരെ ഒന്‍പതു കുട്ടികളാണ് മരിച്ചത്.

വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കാറില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതായുള്ള റിപ്പോര്‍ട്ടനുസരിച്ചാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞിന്റെയും പിതാവിന്റെയും പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടി എത്ര നേരം കാറില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പ്രദേശത്തെ താപനില ഉച്ചയ്ക്ക് ഒരു മണിയോടെ 32 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നും മെബേന്‍ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ജോര്‍ജിയയില്‍ ഒരു വയസുള്ള മറ്റൊരു കുട്ടി മരിച്ചത് വാഹനത്തിലെ ഉയര്‍ന്ന താപനില കാരണമാണെന്ന് മാഡിസണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച തെക്കന്‍ ജോര്‍ജിയയില്‍ മൂന്ന് മണിക്കൂറോളം കാറിലിരുത്തിയ മൂന്നു വയസുകാരനും മരണത്തിനു കീഴടങ്ങിയിരുന്നു.

വിര്‍ജീനിയയില്‍ 18 മാസം പ്രായമുള്ള മകന്‍ കാറിലിരുന്ന് മരിച്ചതിനെതുടര്‍ന്ന് കുറ്റബോധത്താല്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവവും അടുത്തിടെയുണ്ടായി.

യു.എസില്‍ കാറില്‍ ചൂട് സഹിക്കാനാകാതെ 15 വയസിന് താഴെയുള്ള 38 കുട്ടികള്‍ ഒരു വര്‍ഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം ദുരന്തങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കാറുണ്ടെങ്കിലും കുട്ടിയെ അശ്രദ്ധമായി വാഹനങ്ങളിലിരുത്തി മരണപ്പെടുന്ന സംഭവങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തുന്നത് അപൂര്‍വ്വമാണ്. ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്.

2014-ല്‍ 22 മാസം പ്രായമുള്ള കുഞ്ഞ് കാറില്‍ മരിക്കാനിടയായ സംഭവത്തില്‍ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പിതാവിന്റെ കൊലപാതക കുറ്റം ജോര്‍ജിയയിലെ പരമോന്നത കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.