രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി. കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു.

സിപിഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എസ്എഫ്ഐ ആക്രമണം അഴിച്ചു വിട്ടത്.

ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ രാഹുലിന്റെ കസേരയില്‍ വാഴ വയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാരെയും മര്‍ദിച്ചു.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇരു പാര്‍ട്ടികളുടെയും നിരവധി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വിഷയം സിപിഎമ്മിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതോടെ എസ്എഫ്ഐയെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തു വന്നിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിക്ക് എതിരെ നപടിയെടുക്കാന്‍ എസ്എഫ്ഐ തീരുമാനിച്ചത്.

കുട്ടികള്‍ അറിവില്ലായ്മകൊണ്ട് ചെയ്ത പ്രവൃത്തി താന്‍ ക്ഷമിക്കുന്നു എന്നാണ് ഇതേപ്പറ്റി കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.