കെയ്‌റോ: ചെങ്കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയന്‍ സ്വദേശിനിയും റൊമാനിയന്‍ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്റ്റ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ചെങ്കടലില്‍ റിസോര്‍ട്ടുകള്‍ ഏറെയുള്ള പ്രദേശമായ ഹുര്‍ഗദയ്ക്ക് സമീപം സഹല്‍ ഹഷീഷ് തീരമേഖലയില്‍ നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചതെന്ന് ഈജിപ്ഷ്യന്‍ മന്ത്രാലയം ഞായറാഴ്ച ഫേസ്ബുക്കില്‍ അറിയിച്ചു.
ഈജിപ്റ്റില്‍ അവധി ആഘോഷിക്കാനെത്തിയ 68 വയസുകാരി ഓസ്ട്രിയയിലെ ടൈറോള്‍ സ്വദേശിനായാണെന്ന് ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സി എപിഎ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. റൊമാനിയന്‍ സ്വദേശിനിക്ക് 40 വയസുണ്ട്.
വെള്ളിയാഴ്ച സ്രാവിന്റെ ആക്രമണത്തില്‍ ഓസ്ട്രിയന്‍ വിനോദസഞ്ചാരിയുടെ കൈയും കാലും വേര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ ബീച്ചുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ചെങ്കടല്‍ ഗവര്‍ണര്‍ അമര്‍ ഹനാഫി ഉത്തരവിട്ടിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതമുണ്ടായാണ് ഓസ്ട്രിയന്‍ സ്ത്രീ മരിച്ചത്.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ചെങ്കടല്‍. ഇവിടെ സ്രാവുകള്‍ സാധാരണമാണ്. എന്നാല്‍ എന്നാല്‍ അംഗീകൃത പരിധിക്കുള്ളില്‍ നീന്തുന്ന ആളുകളെ അപൂര്‍വമായി മാത്രമാണ് ആക്രമിക്കാറുള്ളത്. 2018-ല്‍ ചെക്ക് വിനോദസഞ്ചാരിയെ ചെങ്കടല്‍ കടല്‍ത്തീരത്ത് സ്രാവ് കൊന്നിരുന്നു. സമാനമായ ആക്രമണത്തില്‍ 2015-ല്‍ ഒരു ജര്‍മന്‍ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു.
രാജ്യം സന്ദര്‍ശിക്കുന്ന 65 ശതമാനം വിനോദസഞ്ചാരികളും ഈ പ്രദേശം സന്ദര്‍ശിക്കാറുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവം അധികൃതരെയും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബീച്ചുകളെല്ലാം അടച്ചുപൂട്ടുകയും വിനോദസഞ്ചാരികളെ നിയന്ത്രിക്കുകയും ചെയ്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.