കിന്‍ഷാസ: ആഭ്യന്തര, വിദേശകാര്യ വിഷയങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായി വത്തിക്കാന്‍ കരാര്‍ ഒപ്പുവച്ചു. വിദേശകാര്യം, ആരോഗ്യം, നീതിന്യായം, ധനകാര്യം, വിദ്യാഭ്യാസം എന്നിവയില്‍ കോംഗോ സര്‍ക്കാരും കോംഗോ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (സെന്‍കോ) ഉം വത്തിക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് കരാര്‍.
ജൂലൈ രണ്ടിന് പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ സാമ ലുക്കോണ്ടെയുമായി അരമണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി കര്‍ദ്ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്‍ കിന്‍ഷാസും കോംഗോ സഭയ്ക്കുവേണ്ടി സെന്‍കോ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍സല്‍ ഉറ്റെംബി താപ്പയും വകുപ്പ് മന്ത്രിമാരും കരാറില്‍ ഒപ്പുവച്ചു.
2016 മെയ് 20 നും സമാനമായ വിഷയങ്ങളില്‍ വത്തിക്കാനും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും തമ്മില്‍ കാരാര്‍ ഉണ്ടാക്കിയിരുന്നു. രാഷ്ട്ര ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറും അന്നത്തെ കോംഗോ വിദേശകാര്യ മന്ത്രി റെയ്മണ്ട് ഷിബാന്ദ എന്‍ തുംഗമുലോംഗോയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. കോംഗോയില്‍ സഭാ പ്രവര്‍ത്തനത്തിനും വിശ്വാസ സംരക്ഷണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പിക്കുന്നതുകൂടിയാണ് കരാര്‍.
2016 ലെ കരാര്‍ 2020 ല്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടിരുന്നില്ല. സഭയെ നിയമപരമായ സ്ഥാപനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി സാമ ലുക്കോണ്ടെയ്ക്ക് വത്തിക്കാന്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ പ്രസിഡന്റ് ഇതു സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സഭയുമായി കരാര്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്.
ജോയിന്റ് കമ്മീഷന്‍ സ്‌കൂളുകള്‍, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അജപാലന മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍, ആരോഗ്യ മേഖലയിലെ പദ്ധതികള്‍ എന്നിവയില്‍ സ്വാതന്ത്ര്യവും സഹകരണവും ഉറപ്പാക്കുന്നതാണ് കരാര്‍. അതിദരിദ്ര ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വംശീയമോ മതപരമോ ആയ വ്യത്യാസങ്ങളില്ലാതെ കൂട്ടായ പ്രവര്‍ത്തനത്തിന് കരാര്‍ സഹായകമാകുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ആറു വര്‍ഷത്തിലേറെയായുള്ള കോംഗോ സഭയുടെ അഭിലാഷമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കിന്‍ഷാസയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുങ്കു പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളിലും ദരിദ്രര്‍ക്കായി സഭ ചെയ്തു വരുന്ന കാര്യങ്ങള്‍ കുറെക്കൂടി വേഗത്തിലും നിയമസാധുതയോടും നടപ്പാക്കാന്‍ കരാര്‍ സഹായകമാകും.
എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്ത കോംഗോ സഭ രാജ്യത്ത് 50 ശതമാനം സ്‌കൂളുകളും 40 ശതമാനം ആരോഗ്യ സൗകര്യങ്ങളും നടത്തി വരുന്നു. സഭയുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് സര്‍ക്കാരിനും കോംഗോ സഭാംഗങ്ങള്‍ക്കും കൂടുതല്‍ വ്യക്തതവരുത്താന്‍ കരാര്‍ വഴി സാധിക്കും. സംസ്ഥാനത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയമായ കാര്യങ്ങള്‍ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. കരാറിന് ശേഷവും അതു തുടരുമെന്നും ആര്‍ച്ച്ബിഷപ് അംബോംഗോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26