മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണം: ആറ് പേര്‍ക്ക് കടിയേറ്റു; സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേര്‍

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണം: ആറ് പേര്‍ക്ക് കടിയേറ്റു; സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേര്‍

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ തെരുവ് നായ ഒരു കുഞ്ഞ് ഉള്‍പ്പടെ ആറ് പേരെ കടിച്ചു. പേവിഷ ബാധയുള്ള നായയാണ് ഇതെന്നാണ് സംശയം. നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഈ വര്‍ഷം ആറ് മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് 13 പേര്‍ മരിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം അധികവുമുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് മൂന്നു പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു.

അതേസമയം പൂര്‍ണ വാക്‌സിനേഷന് ശേഷമുള്ള മരണങ്ങളാണ് ആശങ്കയാകുന്നത്. വാക്‌സിന്‍ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാക്‌സിന്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം.

വാക്‌സിനെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്‌ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്.

കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി വൈറസിനെ നിഷ്‌ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീര്‍ണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ കടിയേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് വേഗത്തില്‍ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളില്‍ കടിയേല്‍ക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷന്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീട്ടിലെ വളര്‍ത്തു നായ്ക്കളാകുമ്പോള്‍ നിസാര പോറലുകള്‍ അവഗണിക്കുന്നതും വാക്‌സിനെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദര്‍ പറയുന്നു. പാലക്കാട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഏതായാലും മുഴുവന്‍ വാക്‌സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് വിദഗ്ദര്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.