അഗ്‌നിപഥ്: മൂന്ന് ദിവസത്തിനിടെ നാവിക സേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകള്‍

അഗ്‌നിപഥ്: മൂന്ന് ദിവസത്തിനിടെ നാവിക സേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകള്‍

ന്യൂഡൽഹി: നാവിക സേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ അപേക്ഷിച്ചത് 10,000 വനിതകളെന്ന് റിപ്പോർട്ട്. നാവിക സേനയിലേക്ക് വനിതകളെയും റിക്രൂട്ട് ചെയ്യുന്നുവെന്നത് ചരിത്രത്തിലെ തന്നെ സുപ്രധാന തീരുമാനമായിരുന്നു.

സേനയിൽ നാവികരാകുന്ന ഇവരെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കും. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 10,000 വനിതകൾ അഗ്നിപഥ് പദ്ധതിക്കായി രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഇവർക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. ജൂലൈ 15 മുതൽ 30 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള കാലാവധി.

അഗ്നിപഥിന്റെ 2022 റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഉൾപ്പെടുത്തുന്ന 3000 നാവികസേന അഗ്നിവീറുകളിൽ എത്രപേരാണ് വനിതകളെന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. കര, വ്യോമ സേനകളിലും അഗ്നിപഥ് വഴി വനിതകളെ നിയോഗിക്കും. ഇതിനിടെ, സേവനകാലത്ത് പരുക്കേൽക്കുന്ന അഗ്നിപഥ് സേനാംഗങ്ങൾക്ക് ആജീവനാന്തം സൗജന്യ ചികിത്സ നൽകുന്നതു പരിഗണിക്കുമെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

നവംബർ 21 മുതലാണ് നാവികസേന അഗ്നിവീറുകൾക്ക് പരിശീലനം ആരംഭിക്കുക. ഇതിനായി ഐഎൻഎസ് ചിൽകയിൽ സൗകര്യങ്ങളൊരുക്കും. ഇവിടെതന്നെയാണ് വനിത അഗ്നിവീറുകൾക്കും പരിശീലനം നടക്കുക. ജൂൺ 14നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.

17.5 വയസ് മുതൽ 23 വരെ പ്രായമുള്ളവർക്കാണ് വിവിധ സേനകളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാനാകുക. സേനയുടെ ഭാഗമാകുന്ന 25 ശതമാനം അഗ്നിവീറുകൾക്ക് നാല് വർഷത്തിന് ശേഷം തുടർ നിയമനം ലഭിക്കുന്നതാണ്. അതേസമയം നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്നവർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കും അർദ്ധ സൈനിക വിഭാഗങ്ങളിലേക്കും നടക്കുന്ന റിക്രൂട്ട്‌മെന്റിൽ മുൻഗണന ലഭിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.