ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഹമ്മസ് അന്തരിച്ചു

ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഹമ്മസ് അന്തരിച്ചു

സാവോ പോളോ: ബ്രസീലിലെ സാവോ പോളോ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കര്‍ദ്ദിനാള്‍ ക്ലോഡിയോ ഹമ്മസ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ 88-ാം ജന്മദിനം ആഘോഷത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് മരണം സംഭവിച്ചത്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ സാവോ പോളോ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഒഡിലോ പെഡ്രോ ദുഖവും അനുശോചനവും രേഖപ്പെടുത്തി. മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

2019 ലെ ആമസോണ്‍ സിനഡില്‍ നിര്‍ണായക പങ്കുവഹിച്ച കര്‍ദ്ദിനാള്‍ ഹമ്മസ് ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്‌സ് മൈനറിലെ അംഗവും പാന്‍ ആമസോണിയന്‍ എക്ലീഷ്യല്‍ നെറ്റ്വര്‍ക്കിന്റെയും എക്ലെഷ്യല്‍ കോണ്‍ഫറന്‍സ് ഓഫ് ആമസോണിയയുടെ പ്രസിഡന്റുമായിരുന്നു. പാന്‍-ആമസോണിയന്‍ മേഖലയിലെ സിനഡിന്റെ റിലേറ്റര്‍ ജനറലായും പ്രീ-സിനഡല്‍ കൗണ്‍സില്‍ അംഗമായും അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റിലേറ്റര്‍ ജനറല്‍ എന്ന നിലയില്‍ സിനഡിന്റെ അന്തിമ റിപ്പോര്‍ട്ട് എഴുതാനുള്ള ഉത്തരവാദിത്തം ഹമ്മസിനായിരുന്നു.

2001 ല്‍ ആണ് അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്. 2006-2010 കാലഘട്ടത്തില്‍ വത്തിക്കാനിലെ വൈദികര്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്റ്റുമായിരുന്നു ഹമ്മസ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഗാഢമായ ആത്മബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, തദ്ദേശവാസികളുടെ സംരക്ഷണം തുടങ്ങിയ സാമൂഹിക വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

1934 ഓഗസ്റ്റ് എട്ടിന് ബ്രസീലിലെ മോണ്ടിനെഗ്രോയില്‍ ജനിച്ച ഹമ്മസ് 1958 ല്‍ ക്ലോഡിയോ എന്ന പേര് സ്വീകരിച്ചു ഫ്രാന്‍സിസ്‌ക്കന്‍ സഭാ വൈദീകനായി. ബിഷപ്പാകുന്നതിന് മുമ്പ് അദ്ദേഹം തത്ത്വശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി. 1972-1975 കാലഘട്ടത്തില്‍ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ ഫ്രാന്‍സിസ്‌കന്‍മാരുടെ പ്രവിശ്യാ മേധാവിയും ഫ്രാന്‍സിസ്‌കന്‍മാരുടെ ലാറ്റിന്‍ അമേരിക്കന്‍ കോണ്‍ഫറന്‍സുകളുടെ യൂണിയന്‍ പ്രസിഡന്റുമായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബോസിയില്‍ പഠിച്ച ഹമ്മസ് പിന്നീട് ബ്രസീലിലെ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ എക്യുമെനിക്കല്‍ കാര്യങ്ങളുടെ ഉപദേശകനായി. 1975 മാര്‍ച്ചില്‍ സാന്റോ ആന്ദ്രെയുടെ കോഡ്ജൂറ്റര്‍ ബിഷപ്പായി നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26