ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിടവാങ്ങിയത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ മനുഷ്യസ്‌നേഹി

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിടവാങ്ങിയത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ മനുഷ്യസ്‌നേഹി

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗത്തിലേക്ക് ചെറുപ്പത്തില്‍ തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്.

1946-48 കാലത്ത് കൊല്‍ക്കത്ത വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1951 ല്‍ കെ. കേളപ്പന്റൈ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരക നിധിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും നയിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ വേര്‍പാടിനു ശേഷം സര്‍വ സേവാ സംഘത്തിലും അഖിലേന്ത്യാ സര്‍വോദയ സംഘടനയിലും അദ്ദേഹം കര്‍മസമിതി അംഗമായി. കെ. കേളപ്പന്‍ അധ്യക്ഷനും ഗോപിനാഥന്‍ നായര്‍ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളില്‍ ശ്രമദാന പ്രസ്ഥാനം കേരളത്തില്‍ പരീക്ഷിച്ചു.

സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തില്‍ സിഖ്ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തില്‍ സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ചതും പി. ഗോപിനാഥന്‍ നായരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.