സജി ചെറിയാനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍

സജി ചെറിയാനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കോണ്‍ഗ്രസ് ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകും.

മറ്റന്നാള്‍ സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും വൈകുന്നേരം ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ മര്യാദകളും മറികടക്കുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നത്.

സജി ചെറിയാനെക്കാള്‍ വലിയ കുറ്റം ചെയ്തത് രാജി വയ്ക്കാന്‍ പ്രേരിപ്പിക്കാത്ത മുന്നണിയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണഘടനയോട് സിപിഎമ്മിന് എല്ലാക്കാലത്തും പുച്ഛമാണ്. സജി ചെറിയാനെതിരെ നടപടി വേണമെന്നും രാജിക്കുളള സമ്മര്‍ദ്ദം തുടരുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം സജി ചെറിയാന്‍ തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്നാണ് ഇന്ന് രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. ഇതിനിടെ ഭരണഘടനയ്ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ച വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉള്ളതെന്നും ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഈ വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വിവാദ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.