ലക്ഷ്യം കണ്ടില്ലെങ്കിലും 137 രൂപ ചലഞ്ചില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്; തട്ടിപ്പെന്നും ആരോപണം

ലക്ഷ്യം കണ്ടില്ലെങ്കിലും 137 രൂപ ചലഞ്ചില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്; തട്ടിപ്പെന്നും ആരോപണം

തിരുവനന്തപുരം: ഫണ്ട് പിരിക്കാനായി കോണ്‍ഗ്രസ് ആവിഷ്‌കരിച്ച 137 രൂപ ചലഞ്ചില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കോടികള്‍ പിരിച്ചിട്ടും പണത്തിന് കണക്കില്ലെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. എത്ര രൂപ പിരിച്ചെന്നോ ഈ തുക എവിടെ പോയെന്നോ അറിയില്ലെന്നാണ് ആരോപണം. കെ. സുധാകരന്‍ വിരുദ്ധ ഗ്രൂപ്പുകളാണ് ആരോപണത്തിന് പിന്നിലെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഒരോ വ്യക്തിയുടെ കയ്യില്‍ നിന്നും 137 രൂപ വച്ച് കെപിസിസി ഫണ്ടിലേക്ക് പിരിക്കുന്ന 137 രൂപ ചലഞ്ച് നടത്തിയത്. കെപിസിസി ട്രഷറുടെയും, കെപിസിസി ഓഫീസ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ആസൂത്രിതമായ തിരിമറി ഫണ്ട് പിരിവില്‍ നടന്നുവെന്നാണ് ആരോപണം.

പ്രസിഡന്റ് കെ സുധാകരന് പോലും അറിയില്ല എത്ര രൂപ പിരിഞ്ഞു കിട്ടിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 50 കോടി രൂപ പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 19 കോടി മാത്രമേ കിട്ടിയുള്ളുവെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ പണമാണ് ഇപ്പോള്‍ എവിടെ പോയെന്നറിയില്ലെന്ന് പറയുന്നത്.

സാധാരണ ഫണ്ട് പിരിവ് കഴിഞ്ഞാല്‍ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും എക്സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137 രൂപ ചലഞ്ചില്‍ ഇതുണ്ടായില്ല.

ഡിജിറ്റലായി പണം പിരിക്കാനായിരുന്നു ആദ്യ തീരുമാനം. ആദ്യം നല്‍കിയ ക്യുആര്‍ കോഡിന് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പുതിയത് നല്‍കി. ക്യൂആര്‍ കോഡ് ബന്ധിപ്പിക്കുന്നതിനായി പല ബാങ്കുകളിലായി അഞ്ചോ ആറോ അക്കൗണ്ടുകളാണ് എടുത്തത്. ഇതിനു പുറമെ പേപ്പര്‍ കൂപ്പണും അച്ചടിച്ചു നല്‍കി. ഇതിന്റെയൊന്നും കണക്ക് ഇപ്പോള്‍ ലഭ്യമല്ല.

ക്യൂആര്‍ കോഡ് പലരും വ്യാജമായി നിര്‍മിച്ചുവെന് ആരോപണം പോലും കോണ്‍ഗ്രസിനകത്ത് രഹസ്യമായി പലരും പറയുന്നുണ്ട്. കെപിസിസി ഓഫീസ് സെക്രട്ടറിയായിരിക്കുന്ന വ്യക്തിയെക്കുറിച്ച് ഇത്തരത്തില്‍ നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ടന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് ഇത് ഇടയാക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.