ദേശാഭിമാനത്തെ വ്രണപ്പെടുത്തി: സജി ചെറിയാനെതിരെ കേസെടുത്തു; എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം

ദേശാഭിമാനത്തെ വ്രണപ്പെടുത്തി: സജി ചെറിയാനെതിരെ കേസെടുത്തു; എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചതിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ കേസ് എടുത്തു.

തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലയിലെ കീഴ് വായൂപൂര് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്ന വകുപ്പ് പ്രകാരമാണ് സജി ചെറിയാനെതിരെ കേസ് എടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. വേദിയിലുണ്ടായിരുന്ന മാത്യു ടി തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഭരണഘടനയ്ക്കെതിരെയുള്ള പരാമര്‍ശം ഉണ്ടായത്. സജി ചെറിയാനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ ബോര്‍ഡ് വച്ച കാറിലാണ് ഇന്ന് നിയമസഭയിലെത്തിയത്. നിയമസഭയില്‍ അദ്ദേഹത്തിന്റെ സ്ഥാനം പിന്നിലേക്ക് മാറി. സ്ഥാനം പോയതില്‍ ഒരു വിഷമവും ഇല്ലെന്നും സ്‌ട്രോംഗാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.