ചിക്കാഗോ മാര്‍തോമാശ്ലീഹാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ സമാപിച്ചു. ഭാരത അപ്പോസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം പ്രമാണിച്ച് വളരെ വിശുദ്ധിയോടും ഭക്തിയോടും കൂടി നടന്ന തിരുനാളിന് പ്രത്യേകതകള്‍ ഏറെയായിരുന്നു.
തിരുനാളിന് മുന്നോടിയായി വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ ഇടവകയിലെ ഓരോ ഭവനങ്ങളിലും വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ടുവരികയും വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാനുള്ള അവസരം വിശ്വാസികള്‍ക്ക് ലഭിക്കുകയും ചെയ്തു.
ഫാ.ദാനിയല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബനവീകരണ ധ്യാനത്തിലൂടെ നിര്‍മലമാക്കിയ മനസോടെ ഇടവക ജനങ്ങൾ നേര്‍ച്ചകളും കാഴ്ച്ചകളും അര്‍പ്പിച്ച് തിരുനാളിന്റെ ഭാഗമായി.
വി തോമ്മാശ്ലീഹായുടെ നോവേനയോടുകൂടി നടത്തിയ വി കുര്‍ബാനയിൽ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും വൈദീകരും സന്യാസിനികളും ഇടവക ജനങ്ങളും ഒരുമയോടെ പങ്കെടുത്തു.
ജൂണ്‍ 26-ാം തീയതി ഞായറാഴ്ച്ച ബിഷപ് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ റാസ കുര്‍ബാനയില്‍ ഓരോ സീറോ മലബാര്‍ വിശ്വാസിയും അവനവന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും റാസ കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് ആഹ്വാനം ചെയ്തു.
കുരിശിനോടും വചനത്തോടും റൂഹായോടുമുളള റാസ കുര്‍ബാനയിലെ ആദരവിനെപ്പറ്റി പിതാവ് ഇടവകജനങ്ങളോട് വിവരിച്ചു. കുര്‍ബാനയ്ക്ക് ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വാര്‍ഡ് പ്രതിനിധികള്‍ ഓപ്പയും മോറീസും അണിഞ്ഞ് അണിനിരന്നു നീങ്ങിയ പ്രദിക്ഷണത്തോടെ തിരുനാളിന് കൊടിയേറി . ഈ പരിപാടിക്ക് ബഹു. വികാരി ഫാ. തോമസ് കടുകപ്പള്ളിയും , അസിസ്റ്റൻറ് വികാരി ഫാ. മെൽവിൻ പോൾ മംഗലത്തും , കൈക്കാരൻമാരും നേതൃത്വം നൽകി .അതിനുശേഷം ജോൺ മണ്ണച്ചേരിയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്നേഹവിരുന്നിൽ ഏവരും പങ്കെടുത്തു.
ജൂൺ മുപ്പതാം തീയതി വൈകുന്നേരത്തെ കുർബാനയ്ക്കു ശേഷം നടത്തിയ ഭക്തി നിർഭരമായ ദിവ്യകാരുണ്യ പ്രദിക്ഷണം ഇടവക ജനങ്ങൾക്ക് വേറിട്ട അനുഭവമായി.പൂക്കൾ വിതറിയും കത്തിച്ച തിരികൾ ഏന്തിയും ദിവ്യ കാരുണ്യ നാഥനെ ഉച്ചത്തിൽ പ്രഘോഷിച്ചുകൊണ്ട് ഇടവക ജനം മുഴുവൻ മുട്ടിന്മേൽ നിന്ന് യേശുവിനെ തങ്ങളുടെ ഹൃദയത്തിലേയ്ക്ക് എതിരേറ്റത് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു.
ജൂലൈ ഒന്നാം തീയതി രൂപതയുടെ ഇരുപത്തി ഒന്നാം വാർഷികം ആഘോഷിച്ചു .മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട് ,ചാൻസിലർ ഫാ. ജോർജ് ദാനവേലിൽ ,പ്രൊക്യൂറേറ്റർ ഫാ.കുര്യൻ നെടുവേലിചാലുക്കൽ ,വികാരി ഫാ.തോമസ് കടുകപ്പള്ളി ,അസിസ്റ്റൻറ് വികാരി ഫാ. മെൽവിൻ പോൾ മംഗലത്ത് തുടങ്ങി നിരവധി വൈദീകരും സന്യാസിനികളും ഇടവക ജനങ്ങളും നിറഞ്ഞ ദേവാലയത്തിൽ മാർ അങ്ങാടിയത്ത്
തന്റെ 21 വർഷത്തെ അനുഭവങ്ങൾ പങ്ക് വച്ചു. ദൈവത്തിന് നന്ദി ചൊല്ലിക്കൊണ്ട് അർപ്പിച്ച ദിവ്യ ബലി ചിക്കാഗോ ഇടവക ജനങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കും എന്നതിന് സംശയമില്ല. കുർബാനയ്ക്കുശേഷം കൈക്കാരന്മാർ ബിഷപ്പിന്
പൂച്ചെണ്ട് നൽകി അനുമോദിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മാർ അങ്ങാടിയത്ത് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. അതിനുശേഷം നടന്ന കലാമേള ഏവർക്കും ഹൃദ്യമായി .
ജൂലൈ 2
ജൂലൈ രണ്ടാം തിയതി വൈകിട്ട് അഞ്ച് മണിക്ക് നടത്തിയ ഇംഗ്ലീഷിലുള്ള റാസ കുര്‍ബാന ഏവര്‍ക്കും പുതിയ അനുഭവമായി. യുവജനങ്ങള്‍ ഫാദര്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന റാസ കുര്‍ബാനയില്‍ പങ്കെടുത്തു. ഫാദര്‍ തോമസ് പുളിക്കലിന്റെ വചന സന്ദേശം ഇടവക ജനങ്ങൾക്ക് വെളിച്ചം പകരുന്നതായിരുന്നു. റാസ കുര്‍ബാനയില്‍ ബിഷപ് ജേക്കബ് അങ്ങാടിയത്തിന്റെയും ബിഷപ്പ് ജോയി ആലപ്പാട്ടിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഫാദര്‍ ജോബി ജോസഫ്, ചിക്കാഗോ രൂപത ചാന്‍സിലര്‍ ഫാദര്‍ ജോര്‍ജ് ദാനവേലി തുടങ്ങിയവര്‍ സഹകര്‍മ്മികര്‍ ആയിരുന്നു. കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിക്ക് നടത്തിയ പാരീഷ് നൈറ്റും യൂത്ത് പ്രോഗ്രാമും ഏവര്‍ക്കും നല്ലൊരു കലാവിരുന്നായിരുന്നു.
ജൂലൈ 3
ദുക്റാന തിരുനാൾ ദിവസം രാവിലെ 7 മണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലി മദ്ധ്യേ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ അധികാരപത്രം രൂപതാ ചാൻസലർ റവ. ഡോ. ജോർജ്ജ് ദാനവേലിൽ വായിച്ചു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും ഈ അറിയിപ്പ് വായിച്ചു. വിരമിക്കുന്ന രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് , ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികനായിരുന്നു.
അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട കുര്‍ബാനയില്‍ നിരവധി വൈദികരും സന്യാസികളും അൽമായരും പങ്കെടുത്തു. ഫാദർ തോമസ് മുളവനാൽ വചന സന്ദേശം നൽകി.
ഏഴു മണിക്ക് നടത്തിയ പട്ടണ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം നടന്ന മലബാർ മ്യൂസിക്കൽ നൈറ്റ് വളരെ ആസ്വാദ്യകരമായിരുന്നു.
ജൂലൈ നാലാം തീയതി മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇടവകയിൽ നിന്ന് വേർപിരിഞ്ഞു പോയ എല്ലാ മരിച്ചവർക്കും ആത്മാക്കൾക്കും വേണ്ടി നടത്തിയ കുർബാനയിൽ അനേകർ പങ്കെടുത്തു. അന്നേ ദിവസം ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ മരിച്ചവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടത്തപ്പെട്ടു. തിരുനാളിന് കൈക്കാരന്മാരായ പോൾ വടകര, രാജി മാത്യു, ഷൈനി പോൾ, ജോണി വടക്കുംചേരി, ബ്രിയാൻ കുഞ്ചറിയാൻ, ടീനാ പുത്തൻപുരയ്ക്കൽ, ലൂക്ക് ചിറയിൽ, ആൽവിൻ ഷികോർ എന്നിവരും വാർഡ് പ്രതിനിധികളും നേതൃത്വം നൽകി. ഈ തിരുനാളിന്റെ വിജയത്തിന് പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ച ഫാദർ തോമസ് കടകംപള്ളി, ഫാദർ മെൽവിൻ പോൾ മംഗലത്ത്, ചാൻസിലർ ഫാദർ ജോർജ് ദാനവേലിൽ, പ്രൊക്കുറേറ്റർ ഫാദർ കുര്യൻ നെടുവേലിൽചാലുങ്കൽ എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.