നടുവേദനക്ക് ചികിത്സ തേടി; നല്‍കിയത് കാന്‍സറിനുള്ള മരുന്ന്: തങ്കം ആശുപത്രിക്കെതിരെ മരിച്ച വയോധികയുടെ കുടുംബം

നടുവേദനക്ക് ചികിത്സ തേടി; നല്‍കിയത് കാന്‍സറിനുള്ള മരുന്ന്: തങ്കം ആശുപത്രിക്കെതിരെ മരിച്ച വയോധികയുടെ കുടുംബം

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ആരോപണം. മരുന്ന് മാറി നല്‍കിയതിന്റെ പാര്‍ശ്വഫലം മൂലം വയോധിക മരിച്ചെന്നാണ് പുതിയ ആരോപണം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂര്‍ സ്വദേശിക്ക് കാന്‍സറിന്റെ മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണമാണ് ആശുപത്രിക്കെതിരെ ഉയരുന്നിരിക്കുന്നത്. പരാതി നല്‍കി ഒരു വര്‍ഷമായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് മരിച്ച പഴമ്പാലക്കോട് സ്വദേശി സാവിത്രിയുടെ കുടുംബം പറയുന്നു.

പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പറഞ്ഞ് നിരവധിപേരാണ് രംഗത്ത് വരുന്നത്. 2021 ഫെബ്രുവരി അഞ്ചിനാണ് നടുവേദനയെ തുടര്‍ന്ന് പഴമ്പാലക്കോട് സ്വദേശി സാവിത്രിയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നല്‍കിതോടെ ശരീരം മുഴുവന്‍ പുണ്ണ് വന്ന അവസ്ഥയിലായി.

തുടര്‍ന്ന് അത്യാഹിതത്തിലായി. നടുവേദനയ്ക്ക് നല്‍കിയത് ക്യാന്‍സറിനുള്ള മരുന്നായിരുന്നുവെന്ന് പിന്നീട് മറ്റൊരു ആശുപത്രിയില്‍ നിന്നാണ് വ്യക്തമായത്. ഇതോടെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോള്‍ തങ്കം ആശുപത്രി അധികൃതര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭര്‍ത്താവ് മോഹനന്‍ പറയുന്നു.

മരുന്ന് മാറി നല്‍കിയതോടെ ശരീരം മുഴുവന്‍ പുണ്ണ് വന്നു. രക്തം വന്നു. ആഹാരം കഴിക്കാന്‍ പറ്റാതെയായി. ഒടുവില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് മരുന്ന് മാറി നല്‍കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്. മെത്തോട്രെക്‌സേറ്റ് എന്ന മരുന്നിനെ കുറിച്ചും പാര്‍ശ്വഫലത്തെ കുറിച്ചും ചികിത്സിച്ച ഡോക്ടറോട് കുടുംബം വിവരം തിരക്കിയപ്പോള്‍ പത്തു പേര്‍ക്ക് ഈ മരുന്ന് കൊടുക്കുമ്പോള്‍ അവരില്‍ അഞ്ചുപേര് ജീവിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്യും. ഞങ്ങള്‍ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

നിയമപോരാട്ടം തുടങ്ങിയതോടെ, തങ്കം ആശുപത്രി ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും എന്തെങ്കിലും തന്ന് കോംപ്രൈമൈസ് ആക്കാം എന്ന് പറഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം കേസ് കണ്‍സ്യൂമര്‍ കോടതിയുടെ പരിഗണയിലാണെന്നും വിശദമായി പരിശോധിച്ച് പ്രതികരിക്കാമെന്നുമാണ് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.