മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഖത്തറില്‍ നവംബര്‍ 21-ന് ഫിഫ ലോകകപ്പ് ആരംഭിക്കാനിരിക്കെ, ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലേക്കുള്ള പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസ് ഒക്ടോബര്‍ ഒന്നു മുതല്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കും. രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെതുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
മെല്‍ബണ്‍-ദോഹ സര്‍വീസുകള്‍ ദിവസേന രണ്ടു തവണയായി ഉയര്‍ത്തും. നിലവില്‍ പ്രതിദിനം ഒരു സര്‍വീസാണുള്ളത്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ ഉണര്‍വിനായി വിക്ടോറിയ സംസ്ഥാന സര്‍ക്കാരും വിമാനക്കമ്പനിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.
ലോകകപ്പ് അടുത്തിരിക്കെ, ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ നീക്കം ഓസ്‌ട്രേലിയയിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഖത്തര്‍ എയര്‍വേയ്സിന്റെ ഏറെ പ്രശസ്തമായ ബോയിംഗ് 777-300 ഇആര്‍ മോഡല്‍ വിമാനങ്ങളാണ് മെല്‍ബണ്‍, കാന്‍ബറ വിമാന സര്‍വീസിനായി ഉപയോഗിക്കുന്നത്. ഈ നീക്കത്തോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓസ്ട്രേലിയയിലേക്കുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 40 ആയി ഉയരും. അഡ്ലെയ്ഡ്, ബ്രിസ്ബന്‍, കാന്‍ബറ, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി എന്നീ ആറ് നഗരങ്ങളിലേക്കാണ് സര്‍വീസുകളുള്ളത്.
'ഓസ്ട്രേലിയയിലെ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രധാന ഭവനമാണ് മെല്‍ബണ്‍ എന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബെക്കര്‍ പറഞ്ഞു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന്റെയും ഓസ്ട്രേലിയയോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ദോഹ വിമാനത്താവളം വഴി മെല്‍ബണിലേക്കും തിരിച്ചും യാത്ര ചെയ്യാനും തങ്ങളുടെ പഞ്ചനക്ഷത്ര നിലവാരമുള്ള ആതിഥേയത്വം അനുഭവിക്കാനും യാത്രക്കാര്‍ക്ക് ഈ പുതിയ പ്രഖ്യാപനത്തിലൂടെ കഴിയും. ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മെല്‍ബണ്‍-ദോഹ പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസുകള്‍ രണ്ടായി വര്‍ധിപ്പിച്ചതിലൂടെ കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാനാകുമെന്നും അക്ബര്‍ അല്‍ ബെക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.