കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തില്‍ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
പുരോഹിതന്‍ തുടര്‍ച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതു പോലെ പുരോഹിതനും നവീകരണത്തിനും പരിവര്‍ത്തനത്തിനും തുറന്നിരിക്കണം. യുവ പുരോഹിതരുടെ തുടര്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
രൂപീകരണം പൗരോഹിത്യ സ്വീകരണത്തില്‍ അവസാനിക്കുന്നില്ല. അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപ ഭാവങ്ങള്‍ സ്വീകരിക്കുന്നു. വിശ്വസ്തതയോടും വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയില്‍ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാര്‍ത്ഥ്യമാണിതെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സീറോ മലബാര്‍ മേജര്‍ ആര്‍കിഎപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദിക കമ്മീഷന്‍ സെക്രട്ടറി ഫാ. ടോം ഒലിക്കരോട്ട് എന്നിവരും സംസാരിച്ചു.
സീറോ മലബാര്‍ സഭയിലെ 14 രൂപതകളില്‍ നിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്‍മാനായിട്ടുള്ള വൈദികര്‍ക്ക് വേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.