ചിന്താമൃതം: കൊന്ത ഉയർത്തി പിണറായി വിജയനെ ശപിച്ച ഉഷ

ചിന്താമൃതം: കൊന്ത ഉയർത്തി പിണറായി വിജയനെ ശപിച്ച ഉഷ

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പ് കേസിലെ കുപ്രസിദ്ധ പ്രതി കൊടുത്ത ഒരു പരാതിയിൽ മുൻ പൂഞ്ഞാർ എംഎൽഎ ശ്രീ. പി സി ജോർജ്ജിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ദിവസം ഇതേക്കുറിച്ചുള്ള പ്രതികരണം തേടി പത്രക്കാർ പൂഞ്ഞാറിലെ പി സി യുടെ വീട്ടിലെത്തി. ഒരിക്കൽ പോലും പത്രക്കാരുടെ മുൻപിൽ വരാത്ത അദ്ദേഹത്തിന്റെ ഭാര്യ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞ ഒരു വാചകം ഇന്നും കേരളാ രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമാകുന്നു,

70 വയസ്സുള്ള തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയ പിണറായി വിജയൻ തന്റെ കൈയിലിരിക്കുന്ന കൊന്തയ്ക്ക് ( ജപമാല)ശക്തിയുണ്ടേൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ അനുഭവിക്കും. ഇതാണ് അന്നവർ മുഖ്യധാരാ മാധ്യമങ്ങളിലൂടെ മലയാളികളോട് കരഞ്ഞ് വിളിച്ച് പറഞ്ഞത്. ഒരാഴ്ച തികയുംമുൻപ് സിപിഎം ഓഫീസ് അക്രമത്തിന്റെപേരിൽ പിണറായി വിജയനും കമ്മ്യൂണിസ്റ് മാർക്സിസ്റ്റ് പാർട്ടിയും പ്രതിക്കൂട്ടിലായി. അടുത്ത ദിവസം ഭരണഘടനയെ അവമതിച്ച പിണറായി മന്ത്രിസഭയിലെ മന്ത്രി സജി ചെറിയാൻ രാജി വച്ച് പുറത്ത് പോയി.​

സജി ചെറിയാന്റെ രാജിയെത്തുടർന്ന് ഉഷാ ജോർജും കൊന്തമാലയും വീണ്ടും മാധ്യമ ശ്രദ്ധ ആകർഷിച്ചു. ഉഷ കൊന്ത ചൊല്ലി പ്രാർത്ഥിച്ചത് വെറുതെയായില്ല എന്നാണ് സജി ചെറിയാന്റെ രാജിക്ക് തൊട്ട് പിന്നാലെ ഒരു മലയാളം വാർത്താ ചാനൽ റിപ്പോർട്ട് നൽകിയത്. ഉഷയ്ക്കും ഉഷയുടെ കൊന്തയ്ക്കും അനുകൂലമായി നിരവധി ട്രോളുകളുമായി സോഷ്യൽ മീഡിയ നിറഞ്ഞാടി.

തുടർന്ന് വിശദീകരണവുമായി ഉഷാ ജോർജ് എത്തി. ഞാൻ കൊന്തമാല ഉപയോഗിച്ച് പിണറായിയെ ശപിച്ചിട്ടില്ല. മാനസിക സമ്മർദവും ദുഃഖവും തളം കെട്ടി നിന്ന ആ സമയത്ത് എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞ് പോയതാ. ഞങ്ങൾ ക്രിസ്ത്യാനികൾ സങ്കടവും പ്രയാസവുമൊക്കെ ഉണ്ടാവുമ്പോൾ ആദ്യമേ ഓടിയെത്തുന്നത് കൊന്തയിലൂടെ മാതാവിന്റെ അടുത്തേക്കാ. അത് കൊണ്ട് മാത്രമാണ് ഞാൻ കൊന്ത പിടിച്ച് കൊണ്ട് അങ്ങനെയൊക്കെ പറഞ്ഞത്. എന്റെ ഭർത്താവ് നിരപരാധിയാണെന്നും പിണറായി അദ്ദേഹത്തോട് പകപോക്കൽ നടത്തുകയാണെന്നും എനിക്കുറപ്പാണ്.

അതെ കൊന്ത ഒരിക്കലും ശപിക്കാനോ നശിപ്പിക്കാനോ വേണ്ടിയുള്ളതല്ല. ഈശോയുടെ അമ്മയായ പരി. കന്യകാ മറിയം ക്രിസ്ത്യാനികളെ പഠിപ്പിച്ച പ്രാർത്ഥനയാണ് കൊന്ത (ജപമാല) . ലോക സമാധാനത്തിനും പാപികളുടെ മനസാന്തരത്തിനും നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുവിൻ എന്ന് പലപ്പോഴും മറിയം പ്രത്യക്ഷപ്പെട്ട് പറഞ്ഞിട്ടുണ്ട്. ( ഉദാഹരണം ഫാത്തിമയിലെ പ്രത്യക്ഷപ്പെടൽ). അങ്ങനെ അശരണർക്കും ആലംബഹീനർക്കും ആശ്വാസമായി എന്നും നിൽക്കുന്ന ജപമാല മനഃക്ലേശത്തിന്റെ മൂർദ്ധന്യത്തിൽ കൈത്തണ്ടയിൽ ചേർത്ത് വച്ച് അങ്ങനെ പറഞ്ഞത് ഉഷാ ജോർജിന്റെ നിഷ്കളങ്കതയായി കരുതാനാണെനിക്കുമിഷ്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.