അനുദിന വിശുദ്ധര്‍ - ജൂലൈ 09
ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലാണ് വെറോണിക്ക ഗിയുലിയാനിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ ദൈവ ഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി.
വെറോണിക്കയ്ക്ക് നാല് വയസ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. മരണ സമയത്ത് ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി സമര്‍പ്പിക്കുകയും തങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ തിരുമുറിവില്‍ അഭയം തേടുവാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു.
യേശുവിന്റെ പാര്‍ശ്വഭാഗത്തുള്ള മുറിവിലേക്കായിരുന്നു ഏറ്റവും ഇളയ മകളായ വെറോണിക്കയെ സമര്‍പ്പിച്ചിരുന്നത്. ആ സമയം മുതല്‍ അവളുടെ ഹൃദയം കൂടുതല്‍ സംയമന ശീലമുള്ളതായി മാറി. ദൈവ മഹത്വത്തിന്റെ സഹായത്തോടു കൂടി അവളുടെ ആത്മാവ് ദിനംപ്രതി ശുദ്ധീകരിക്കപ്പെടുകയും പില്‍ക്കാലങ്ങളില്‍ അവളുടെ സ്വഭാവം സകലരുടേയും ആദരവിന് പാത്രമാവുകയും ചെയ്തു.
വെറോണിക്കയ്ക്ക് പ്രായമായപ്പോള്‍ അവളെ വിവാഹം ചെയ്തയക്കുവാനായിരുന്നു അവളുടെ പിതാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെറോണിക്കയാകട്ടെ യുവ ജനങ്ങളുടെ ഒപ്പം ചേര്‍ന്ന് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനാണ് ആഗ്രഹിച്ചിരുന്നത്.
പക്ഷേ മറ്റൊരു ദൈവവിളിയെക്കുറിച്ചുള്ള ബോധ്യവും അവള്‍ക്ക് ഉണ്ടായിരുന്നു. അതിനുള്ള അനുവാദത്തിനായി അവള്‍ തന്റെ പിതാവിനോട് നിരന്തരം അപേക്ഷിച്ചു. അവസാനം അവളുടെ പിതാവ് തന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ജീവിതാവസ്ഥ തിരഞ്ഞെടുക്കുവാന്‍ അവളെ അനുവദിച്ചു. അപ്രകാരം പതിനേഴാമത്തെ വയസില്‍ വെറോണിക്ക ഉംബ്രിയായിലെ സിറ്റാ ഡി കാസ്റ്റെല്ലോയിലുള്ള കപ്പൂച്ചിന്‍ കന്യാസ്ത്രീകളുടെ മഠത്തില്‍ ചേര്‍ന്നു.
വിശുദ്ധ ക്ലാരയുടെ പുരാതന നിയമങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ എളിമയാല്‍ വിശുദ്ധ തന്നെത്തന്നെ അവിടുത്തെ ഏറ്റവും താഴ്ന്ന അംഗമായി കണക്കാക്കി. അതോടൊപ്പം തന്നെ അനുസരണയും ദാരിദ്യത്തോടുള്ള സ്‌നേഹവും ശാരീരിക സഹനങ്ങളും വഴി അവള്‍ ആത്മീയമായി പക്വതയാര്‍ജിച്ചു കൊണ്ടിരുന്നു. ചില അവസരങ്ങളില്‍ ദൈവവുമായി ആന്തരിക സംവാദത്തില്‍ മുഴുകാനും അവള്‍ക്ക് അവസരം ലഭിച്ചു.
തന്റെ സന്യാസിനീ സമൂഹത്തിന്റെ നിരവധിയായ ചുമതലകള്‍ ഏതാണ്ട് പതിനേഴ് വര്‍ഷത്തോളം നിര്‍വഹിച്ചതിനു ശേഷം സന്യാസാര്‍ത്ഥിനികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ട ചുമതല വെറോണിക്കയില്‍ വന്നു ചേര്‍ന്നു. നവ വിദ്യാര്‍ത്ഥിനികളുടെ മനസില്‍ എളിമ നിറഞ്ഞ ആത്മീയതയുടെയും വിനയത്തിന്റേതുമായ അടിത്തറ പാകുവാന്‍ വിശുദ്ധക്ക് കഴിഞ്ഞു.
ഒരു ദുഖ വെള്ളിയാഴ്ച അവള്‍ക്ക് യേശുവിന്റെ തിരുമുറിവിന്റെ അടയാളങ്ങള്‍ ലഭിച്ചു. പിന്നീട് വിവരിക്കാനാവാത്ത വേദനകള്‍ക്കിടയില്‍ യേശുവിന്റെ മുള്‍കിരീടത്തിന്റെ പ്രതിഛായ അവളുടെ ശിരസില്‍ പതിപ്പിക്കപ്പെട്ടു. മറ്റൊരിക്കല്‍ നമ്മുടെ രക്ഷകന്റെ കൈകളില്‍ നിന്നും അവള്‍ക്ക് ഒരു നിഗൂഢമായ മോതിരം ലഭിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു.
ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞ അവിടുത്തെ മെത്രാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം റോമിലേക്ക് റിപ്പോര്‍ട്ട് അയച്ചു. അതിനെ തുടര്‍ന്ന് വിശുദ്ധ, ചെകുത്താന്റെ പ്രലോഭനത്തില്‍പ്പെട്ട വ്യക്തിയാണോ അതോ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണോയെന്ന് പരിശോധിക്കുവാനായി റോമില്‍ നിന്നും ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഇത് വിശുദ്ധയുടെ ക്ഷമയെ ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി.
വിശുദ്ധ വെറോണിക്കയെ പിന്നീട് സന്യാസാര്‍ത്ഥിനികളുടെ പരിശീലക എന്ന പദവിയില്‍ നിന്നും മേലധികാരികള്‍ ഒഴിവാക്കി. അധികം വൈകാതെ തന്നെ ഏകാന്തമായ മുറിയില്‍ അവള്‍ തടവിലാക്കപ്പെട്ടു. ഒരു കന്യകാസ്ത്രീക്കും അവളോടു സംസാരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവളുടെ കാര്യങ്ങള്‍ നോക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്ന സ്ത്രീക്ക് അവളോടു വളരെ പരുഷമായി പെരുമാറുവാനുള്ള നിര്‍ദ്ദേശമാണ് നല്‍കപ്പെട്ടത്.
ഞായറാഴ്ചകളില്‍ ദേവാലയത്തിന്റെ കവാടത്തിനരുകില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള അനുവാദം മാത്രമായിരുന്നു അവള്‍ക്ക് കിട്ടിയിരുന്നത്. പിന്നീട് വിശുദ്ധയില്‍ കണ്ട അത്ഭുതകരമായ സംഭവങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പരിശോധനകളിലൂടെ തെളിഞ്ഞു.
വൈകാതെ എല്ലാവരുടേയും ആഗ്രഹപ്രകാരം വിശുദ്ധ ആ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അനുസരണ കൊണ്ട് മാത്രമാണ് അവര്‍ ആ പദവി സ്വീകരിച്ചത്. അവസാനം നിരവധി യാതനകളാല്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ട് 50 വര്‍ഷങ്ങളോളം ആ മഠത്തില്‍ കഴിഞ്ഞതിനു ശേഷം 1727 ജൂലൈ ഒമ്പതിന് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
യേശുവിന്റെ തിരുമുറിവ് ലഭിക്കപ്പെട്ട അപൂര്‍വ്വം വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ വെറോണിക്ക ഗിയുലിയാനി. ഒരു വെള്ളപ്പൊക്കത്തില്‍ നശിക്കപ്പെടുന്നത് വരെ വിശുദ്ധയുടെ ഭൗതീക ശരീരം നിരവധി വര്‍ഷങ്ങളോളം കേടുകൂടാതെ ഇരുന്നു. വിശുദ്ധ വേറോണിക്കയുടെ ഹൃദയം ഇപ്പോഴും അഴുകാത്തതിനാല്‍ ഒരു പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
വെറോണിക്കയുടെ വീരോചിതമായ നന്മപ്രവര്‍ത്തികളും അവളുടെ ശവകുടീരത്തില്‍ സംഭവിച്ച നിരവധി അത്ഭുതങ്ങളും കണക്കിലെടുത്ത് 1839 ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പാ വെറോണിക്ക ഗിയുലിയാനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ക്രീറ്റിലെ സിറിള്‍
2. യോര്‍ക്കിലെ എവേറിന്ദിസ്
3. ഈജിപ്തിലെ പാത്തര്‍മുത്തിയൂസ്
4. പോളണ്ടിലെ യുസ്തുസ്, ബര്‍ണബാസ്
5. മാരടോളയിലെ ബിഷപ്പായിരുന്ന ബ്രിക്തിയൂസ്
6. റോമന്‍ കന്യകയായിരുന്ന അനത്തോലിയായും അവരെ സൂക്ഷിച്ച ജയിലര്‍ ഔദാക്‌സും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.