കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവയ്ക്കുന്നതോടെ സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ താത്കാലിക പ്രസിഡന്റാക്കാന്‍ സര്‍വകക്ഷി ധാരണ. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണച്ചുമതല സ്പീക്കര്‍ക്കാണ്. 30 ദിവസം വരെ സ്പീക്കര്‍ക്ക് ഭരണത്തലവനായി തുടരാം. അതിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തണം.
രാജിവെക്കാനുള്ള പാര്‍ലമെന്ററി നേതാക്കളുടെ അഭ്യര്‍ത്ഥന സ്പീക്കര്‍ രജപക്‌സെയെ ഫോണില്‍ അറിയിച്ചു. തുടര്‍ന്നാണ് രാജി സന്നദ്ധത അദ്ദേഹം പരസ്യമാക്കിയത്. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കാന്‍ ബുധനാഴ്ച വരെ തുടരാന്‍ സ്പീക്കര്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. രജപക്‌സെ സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രസിഡന്റ്, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഇതില്‍ തീരുമാനം ഉണ്ടാകും.
ലങ്കയില്‍ ജനപ്രക്ഷോഭം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് ഗോതബയ രജപക്‌സെ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഗോതബയ എവിടെയെന്നത് ഇപ്പോഴും രഹസ്യമാണ്. തീരത്ത് നിന്നകലെ പടക്കപ്പലിലോ, അതോ സൈനിക ഒളിത്താവളത്തിലോ ആകാമെന്നാണ് കരുതുന്നു.
കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു. പക്ഷെ ജനം പിരിഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ല. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുകയാണ്. ബുധനാഴ്ച്ച ഗോതബായ സ്ഥാനമൊഴിയുമെന്ന് സ്പീക്കര്‍ അബേയവര്‍ധനെ പ്രഖ്യാപിച്ചെങ്കിലും അതൊന്നും പ്രക്ഷോഭക്കാരുടെ മനസുമാറ്റാന്‍ ഉതകുന്നതായിരുന്നില്ല.
ഗോതബായ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാല്‍ സ്പീക്കര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാനാണ് സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനും ആവുന്നത്രയും നേരത്തെ പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് ധാരണ. മൂക്കറ്റം കടം കയറിയ ലങ്കയില്‍ രാഷ്ട്രീയ സ്ഥിരതയെങ്കിലും പുനസ്ഥാപിക്കുകയെന്ന വലിയ വെല്ലുവിളിയാണ് സര്‍വകക്ഷി സംഘത്തിന് മുന്നിലുള്ളത്.
അതേസമയം ശ്രീലങ്കയിലെ പ്രശ്‌നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യ. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.