ശ്രീലങ്ക - ഓസ്‌ട്രേലിയ മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച് പ്രതിഷേധക്കാര്‍; സംഘര്‍ഷം

 ശ്രീലങ്ക - ഓസ്‌ട്രേലിയ മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച്  പ്രതിഷേധക്കാര്‍; സംഘര്‍ഷം

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ, ശ്രീലങ്ക-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കുന്ന ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച് പ്രക്ഷോഭകര്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

രാജപക്സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ സ്റ്റേഡിയത്തിലേക്ക് നടന്നടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരില്‍ ചിലര്‍ സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചപ്പോള്‍, മറ്റ് ചിലര്‍ ഗാലെ ഫോര്‍ട്ടിലേക്ക് പോയി. ശ്രീലങ്കന്‍ പതാക പിടിച്ചും ഹെല്‍മറ്റ് ധരിച്ചുമാണ് പ്രതിഷേധക്കാന്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകര്‍ ഉള്‍പ്പടെ 30 പേര്‍ക്ക് പരിക്കേറ്റു.

'പൂര്‍ണ ഹൃദയത്തോടെ ശ്രീലങ്കയ്ക്കൊപ്പം നല്‍ക്കണമെന്ന് ഓസ്‌ട്രേലിയ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലോകത്തോട് അഭ്യര്‍ഥിച്ചു. പേസ് ബൗളിംഗ് സ്റ്റാള്‍വാര്‍ട്ട് ശ്രീലങ്കയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു.

'ശ്രീലങ്ക ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഞാന്‍ അടുത്തിടെ ശ്രീലങ്കയില്‍ രണ്ട് പെണ്‍കുട്ടികളുമായി സംസാരിക്കുകയും അവര്‍ അനുഭവിക്കുന്നത് എന്തെന്ന് കൂടുതല്‍ അറിയുകയും ചെയ്തു' ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന യുനിസെഫിന്റെ ഓസ്ട്രേലിയന്‍ അംബാസഡറായ കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പ്രസിഡന്റിന്റെ വസതി കൈയടക്കിയ പ്രതിഷേധക്കാര്‍ അടുക്കളയ്ക്കുള്ളില്‍ കടന്ന് ഭക്ഷണം കഴിക്കുകയും സ്വിമ്മിങ് പൂള്‍ അടക്കം കൈയ്യേറുകയും ചെയ്തിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇതിനുമുന്‍പ് തന്നെ രാജപക്സെ വസതിയില്‍ നിന്ന് മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.