അനുദിന വിശുദ്ധര്‍ - ജൂലൈ 11
ഇറ്റലി ഉംബ്രിയായിലെ നര്‍സിയയില്‍ 480 ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട അദ്ദേഹം റോമന്‍ യുവാക്കളുടെ സുഖലോലുപതയോട് പൊരുത്തപ്പെടാനാകാതെ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക് പോയി.  
റൊമാനൂസ് എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ച് സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം  ഏകാന്ത ജീവിതം നയിച്ചു. ഏകാന്ത ജീവിതമായിരുന്നു ബെനഡിക്ട് ആഗ്രഹിച്ചിരുന്നതെങ്കിലും തന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ ഒരു കൂട്ടം സന്യാസികള്‍ തങ്ങളുടെ ആശ്രമാധിപനാകുവാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ക്ഷണം വിശുദ്ധന്‍ സ്വീകരിച്ചു.
എന്നാല്‍ വിശുദ്ധന്റെ കാര്‍ക്കശ്യമേറിയ ആശ്രമനിയമങ്ങളെ അവര്‍ എതിര്‍ക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്  വിഷം കൊടുത്ത് കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ വിശുദ്ധന്‍ അവിടം വിട്ട് സുബിയാക്കൊവില്‍ തിരിച്ചെത്തി. അധികം താമസിയാതെ നിരവധി ആളുകള്‍ വിശുദ്ധനില്‍ ആകര്‍ഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു.  അവരെ താന്‍ നിയോഗിച്ച ഓരോ പ്രിയോര്‍മാരുടെ കീഴില്‍ പന്ത്രണ്ട് ആശ്രമങ്ങളിലാക്കി.
കായികമായ ജോലികളും അവരുടെ സന്യാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. അധികം താമസിയാതെ സുബിയാക്കോ ആത്മീയതയുടേയും അറിവിന്റേയും കേന്ദ്രമായി മാറി. പക്ഷേ അവിടെ അടുത്തുള്ള ഒരു പുരോഹിതനായിരുന്ന ഫ്‌ളോറെന്റിയൂസ് വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നതിനാല്‍ ഏതാണ്ട് 525 ല്‍ അദ്ദേഹം അവിടം വിട്ട് മോണ്ടെ കാസിനോയില്‍ വാസമുറപ്പിച്ചു. 
അവിടെ വെച്ച് വിശുദ്ധന്‍ വിജാതീയരുടെ ദേവനായ അപ്പോളോയുടെ ഒരു ക്ഷേത്രം നശിപ്പിക്കുകയും സമീപ പ്രദേശങ്ങളിലുള്ള നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
 വിശുദ്ധ ബെനഡിക്ടിന്റെ വിശുദ്ധിയേയും ജ്ഞാനത്തേയും അത്ഭുത പ്രവര്‍ത്തികളെക്കുറിച്ചും പരക്കെ പ്രചരിച്ചതിനാല്‍ ധാരാളം പേര്‍ അദ്ദേഹത്തിന്റെ ശിക്ഷ്യത്വത്തിനായി തടിച്ചുകൂടി. അവരെ മുഴുവന്‍ വിശുദ്ധന്‍ ഒരു സന്യാസ സമൂഹമായി സംഘടിപ്പിക്കുകയും പ്രാര്‍ത്ഥനയുടേയും പഠനത്തിന്റേയും ജോലിയുടേതും സാമൂഹ്യ ജീവിതത്തിന്റേതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ തന്റെ നിയമസംഹിത എഴുതിയുണ്ടാക്കുകയും ചെയ്തു. അനുസരണം, സ്ഥിരത, ഉത്സാഹം എന്നിവക്കായിരുന്നു ഈ നിയമങ്ങളില്‍ പ്രാധാന്യം.
വിശുദ്ധ കര്‍മ്മങ്ങളും ഭക്തിയും അതിന്റെ കേന്ദ്ര ബിന്ദുവായിരുന്നു. വരുവാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ആശ്രമ ജീവിതത്തെ സാരമായി സ്വാധീനിക്കുവാന്‍ പര്യാപ്തമായവയായിരുന്നു അവ. തന്റെ സന്യാസിമാരെ നയിക്കുന്നതിനിടയിലും വിശുദ്ധന്‍ ഭരണാധികാരികളുടേയും പാപ്പാമാരുടേയും ഉപദേശങ്ങള്‍ ആരായുകയും ചെയ്തു. 
പാവങ്ങളേയും അഗതികളേയും സഹായിക്കുകയും ലോംബാര്‍ഡില്‍ ടോറ്റിലസിന്റെ ആക്രമണം മൂലം ഉണ്ടായ കഷ്ടതകള്‍ നികത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ച്ച് 21 ന് മോണ്ടെ കാസിനോയില്‍ വെച്ചാണ് വിശുദ്ധ ബെനഡിക്ട് മരണമടഞ്ഞത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഔക്‌സേറിലെ സബിനൂസ് 
2. ഏഷ്യാ മൈനറിലെ സിന്റെയൂസ്
3. കോര്‍ഡോവയിലെ അബുന്തിയൂസ്
4. ആംഗ്ലോക്‌സിന്റെ മകള്‍ അമാബിലിസ്
5. ബ്രേശ്യയിലെ സബിനൂസും സിപ്രിയനും.\
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.