ഫ്‌ളോറിഡ: ബഹിരാകാശ കാഴ്ച്ചകള്‍ ഇനി കുറേക്കൂടി തെളിമയോടും നിറങ്ങളിലും കാണാം. പുതിയ ജെയിംസ് വെബ് ദൂരദര്‍ശിനി വഴി പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍ ചൊവ്വാഴ്ച്ച രാവിലെ ഏഴിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിടും. ഇതുവരെ എടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും തെളിമയുള്ള ദൃശ്യം എന്ന നിലയിലാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. ഇതോടെ ബഹിരാകാശ കാഴ്ച്ചകള്‍ പരമാവധി വ്യക്തമായി മനുഷ്യര്‍ക്ക് അറിയുവാനും കാണുവാനും അവസരമൊരുങ്ങും.
'മനുഷ്യരാശിക്ക് പ്രപഞ്ചത്തിന്റെ ഒരു പുതിയ കാഴ്ച നല്‍കാന്‍ പോകുകയാണ്,' എന്ന തലക്കെട്ടോടെയാണ് നാസ ഈ വിവരം പുറത്തുവിട്ടത്. നാല് പൂര്‍ണ്ണ വര്‍ണ്ണ ചിത്രങ്ങളില്‍ ആദ്യത്തേതാണ് നാളെ പുറത്തിറക്കുക. ശേഷിക്കുന്ന മൂന്നെണ്ണം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 റിലീസ് ചെയ്യും.- നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിലാണ് ജെയിംസ് വെബ് ദൂരദര്‍ശിനി നാസ വിക്ഷേപിച്ചത്. 13 ബില്യണ്‍ ഡോളര്‍ ചിലവില്‍ ബഹിരാകാശത്ത് ഇതുവരെ സ്ഥാപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദര്‍ശിനിയാണിത്. ഇന്‍ഫ്രാറെഡ് ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ച് മറ്റൊരു ദൂരദര്‍ശിനിക്കും നല്‍കാന്‍ കഴിയാത്ത ദൃശ്യമികവോടെ പ്രപഞ്ചത്തിന്റെ വിസ്മയക്കാഴ്ച്ചകള്‍ ലഭ്യമാക്കുമെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ് പറഞ്ഞു.
2,000 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തിന്റെ ചിത്രം പുറത്തുവിട്ടാണ് ജെയിംസ് വെബ് ദൂരദര്‍ശിനി തന്റെ കഴിവ് ആദ്യമായി തെളിയിച്ചത്. പ്രതീക്ഷിച്ചതിലും ഇരട്ടി മികവ് കാഴ്ചവെക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജൂണില്‍ ഒരു മൈക്രോ ഉല്‍ക്കാശില ഉപഗ്രഹത്തില്‍ ഇടിച്ചു. ദൂരദര്‍ശിനി അതിന്റെ ആദ്യ സെറ്റ് ഫുള്‍ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. കേടുപാടുകള്‍ പരിഹരിച്ചശേഷം ഇപ്പോഴാണ് പൂര്‍ണ റസല്യൂഷനിലുള്ള ചിത്രങ്ങള്‍ എടുത്തു തുടങ്ങിയത്.
മഹാവിസ്‌ഫോടനത്തിന് ശേഷം 400 ദശലക്ഷം മുതല്‍ 800 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ഇടയിലാണ് ഇതുവരെ നമുക്ക് കാണാന്‍ കഴിയുന്ന ഗാലക്‌സികള്‍ രൂപംകൊണ്ടത് എന്നാണ് അനുമാനം. അള്‍ട്രാ ഡീപ് ഫീല്‍ഡ് എന്ന പ്രശസ്തമായ ചിത്രത്തില്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി വഴി ഈ ചിത്രങ്ങള്‍ പകര്‍ത്തി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രം ഫോര്‍നാക്‌സ് നക്ഷത്രസമൂഹത്തിലെ 10,000 ലധികം പുരാതന ഗാലക്‌സികളിലേക്ക് അറിവ് പകരുന്നതായിരുന്നു. ഇതിനേക്കാള്‍ ഏറെ മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്താന്‍ ജെയിംസ് വെബ് ദൂരദര്‍ശിനിക്ക് ശേഷയുണ്ട് എന്നാണ് നാസ അവകാശപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.