തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സെര്‍വര്‍ തകരാര്‍ തുടരുന്നു. പൊതുജനത്തെ വലച്ചും സാമ്പത്തിക ബാധ്യതയാല്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് ദിവസം ഇരുപത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയുമാണ് സെര്‍വര്‍ തകരാറിന്റെ ജൈത്ര യാത്ര. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ തടസപ്പെട്ടിട്ട് എട്ടു ദിവസമായി.
സെര്‍വര്‍ സ്ഥാപിച്ച് പരിപാലിക്കുന്ന ചുമതല കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററിനാണ് (എന്‍.ഐ.സി). വര്‍ക്ക് ലോഡിന് അനുസരിച്ച് സെര്‍വര്‍ ശേഷി വര്‍ദ്ധിപ്പിക്കാത്തതാണ് വിനയായത്. 315 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ വഴി പ്രതിദിനം നാലായിരത്തോളം ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. 18 മുതല്‍ 20 കോടി വരെയാണ് ഒരു ദിവസത്തെ വരുമാനം. ആധാരമെഴുത്ത് മേഖലയിലെ 8000 ലൈസന്‍സികളുടെയും, 25,000 ഓഫീസ് ജീവനക്കാരുടെയും വരുമാനവും നിലച്ചു.
ഭൂമി രജിസ്‌ട്രേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, ആധാരം പകര്‍പ്പെടുക്കല്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ചിട്ടി രജിസ്‌ട്രേഷന്‍, സഹകരണ ബാങ്കുകളടക്കം സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള പണയാധാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് എട്ടു ദിവസമായി മുടങ്ങിയത്. സെര്‍വര്‍ പിണങ്ങിത്തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. എട്ടു ദിവസം മുമ്പ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
ആധാരങ്ങളുടെ ഘടനയില്‍ വന്ന മാറ്റം സെര്‍വര്‍ ശേഷിയെ ബാധിച്ചെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് പറയുന്നത്. കളറില്‍ സ്‌കാന്‍ ചെയ്താണ് ഇപ്പോള്‍ ആധാരങ്ങള്‍ നല്‍കുന്നത്. ആധാരം തയ്യാറാക്കുന്ന ഷീറ്റുകളുടെ സൈസ് ചെറുതാക്കിയപ്പോള്‍ ഉപയോഗിക്കുന്ന ഷീറ്റുകളുടെ എണ്ണവും കൂടി. സെര്‍വര്‍ മന്ദഗതിയിലാവാന്‍ പ്രധാന കാരണം ഇതാണ്. ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ നാലാം തീയതി തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് എന്‍.ഐ.സി അറിയിച്ചു. ശനി, ഞായര്‍ അവധി കഴിഞ്ഞ് ഇന്നലെ രാവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതോടെ വീണ്ടും തകരാറിലാവുകയായിരുന്നു.
എന്‍.ഐ.സിക്ക് 40 ലക്ഷം രൂപയാണ് ഒരു വര്‍ഷം സര്‍വീസ് ചാര്‍ജ്ജ്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 12 സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനാണ്. ഇതിനനുസരിച്ച് സര്‍വര്‍ ശേഷി കൂട്ടിയില്ല. എന്‍.ഐ.സിക്ക് വേണ്ടത്ര സാങ്കേതിക വിദഗ്ദ്ധര്‍ ഇല്ലെന്നും ആക്ഷേപമുണ്ട്. ട്രഷറി പ്രവര്‍ത്തനം അടിക്കടി തകരാറിലാക്കുന്നതും എന്‍.ഐ.സി പരിപാലിക്കുന്ന സെര്‍വറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.