അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വ്യാജ ലീഗുണ്ടാക്കി റഷ്യയിലെ വാതുവയ്പ്പുകാരെ പറ്റിച്ചവരെ കണ്ട് പൊലീസുകാര്‍ പോലും വണ്ടറടിച്ചു. വ്യാജ ലീഗ് നടത്തിയവരുടെ വന്‍ സെറ്റപ്പിന്റെ വാര്‍ത്ത ഇപ്പോള്‍ ലോക മാധ്യമങ്ങളിലും ഇടംപിടിച്ചു. സംഘാടകരെല്ലാം പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പൊലീസ് പറയുന്നതിങ്ങനെ-
അടുത്തയിടെ റഷ്യയില്‍നിന്നു തിരികെ മെഹ്‌സാനയിലെത്തിയ ഷോയിബാണ് സൂത്രധാരന്‍. വാതുവയ്പിനു പേരുകേട്ട റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനായിരുന്നു ഷോയിബ്. ഇവിടെ വച്ചു പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്റെ ഉപദേശ പ്രകാരമാണ് ഐപിഎല്‍ മാതൃകയില്‍ തട്ടിപ്പു ലീഗ് നടത്താന്‍ തീരുമാനിച്ചത്.
ഇവര്‍ കൃഷിസ്ഥലം വാടകയ്‌ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സെറ്റിട്ടായിരുന്നു തട്ടിപ്പ്. 'ഒറിജിനാലിറ്റി'ക്കു വേണ്ടി ഫ്‌ലഡ്ലൈറ്റുകള്‍ സ്ഥാപിച്ചു. ഐപിഎലിന്റെ മാതൃകയില്‍ ടീമുകള്‍ക്കു പേരിട്ടു. ഈ ടീമുകളില്‍ കളിക്കാന്‍ ആളുകളെ ദിവസക്കൂലിക്കു നിയമിച്ചു. ഇന്ത്യയിലെ 'വന്‍കിട ലീഗ്' എന്ന രീതിയില്‍ യുട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി റഷ്യയിലെ വാതുവയ്പുകാരെ കബളിപ്പിച്ചു.
ഐപിഎല്‍ പോലെ ഏതോ വലിയ ലീഗാണെന്നു തെറ്റിദ്ധരിച്ച റഷ്യക്കാര്‍ വാതുവയ്പിനിറങ്ങി. വാതുവയ്പിന്റെ വിവരങ്ങള്‍ റഷ്യയില്‍നിന്ന് ഇവിടേക്കു ചോര്‍ത്തി നല്‍കി കളിയില്‍ കൃത്രിമം കാണിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്.
കര്‍ഷകരായ യുവാക്കളായ 21 പേരാണ് കളിക്കാരായി ഇറങ്ങിയിരുന്നത്. ഫേക്ക് അമ്പയര്‍മാരും ഹര്‍ഷ ബോഗ്ലെയെ അനുകരിക്കുന്ന കമന്റേറ്ററും എല്ലാം ഈ ഐ പി എല്ലില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു ലീഗിന്റെ പേര്. ടെലിഗ്രാം വഴി ആണ് സംഘം ബെറ്റുകള്‍ എടുത്തിരുന്നത്. സിക്‌സുകള്‍ അടിക്കാനായി പന്തുകള്‍ വേഗത കുറച്ച് കൃത്യമായി വൈഡുകളും നോബോളുകളും എറിഞ്ഞ് വാതുവയ്പ് ആവേശകരമാക്കാനും സംഘാടകര്‍ ശ്രമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.