സംസ്ഥാനത്തെ വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും: മന്ത്രി ജി.ആര്‍ അനില്‍

സംസ്ഥാനത്തെ വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പി.എസ് സുപാല്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വെല്‍ഫയര്‍ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നാള്‍ വരെ നല്‍കിയിരുന്ന തോതില്‍ ഈ മാസം മുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സാമൂഹിക ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തികുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുളള അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ ക്ഷേമ സ്ഥാപനങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കുമാണ് ഈ സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിവരുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിയ്ക്കും പ്രതിമാസം 10.5 കിലോ അരി 5.65 രൂപ നിരക്കിലും 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നല്‍കി വരുന്നുത്.

സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ദര്‍പ്പണ്‍ എന്ന സോഫ്റ്റ് വയര്‍ വഴി വെല്‍ഫെയര്‍ പെര്‍മ്മിറ്റ് അനുവദിച്ചിരുന്നത്. 2018 -2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം നാളിതു വരെ ഈ സ്കീമില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ വിഷയം നേരിട്ട് പല തവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഫെബ്രുവരി 26ന് ഈ വിഷയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയെന്ന് ജി.ആര്‍ അനില്‍ പറഞ്ഞു. ഇതിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ മാര്‍ച്ച് 23 ലെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. എന്നാൽ പല വിധമായ സാങ്കേതിക തടസങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.