തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി സുഭാഷിനെ ഒടുവില്‍ 'വല' കുടുക്കി. രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സുഭാഷ് മരത്തില്‍ കയറിയത്.
അഗ്‌നിശമനസേന ബലം പ്രയോഗിച്ച് താഴെയിറക്കാന്‍ ശ്രമിച്ചതോടെ മരക്കൊമ്പ് ഒടിഞ്ഞു താഴേയ്ക്കു പതിച്ച സുഭാഷ് സേന വിരിച്ച വലയിലേക്കാണ് വീണത്. അതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് സുഭാഷിനെ താഴെ ഇറക്കിയത്.
ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷ് ജയില്‍ വളപ്പിലെ ചുറ്റുമതില്‍ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളില്‍ കയറിയത്. ജയില്‍ ഓഫീസില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാള്‍ ഓടിയത്.
മതില്‍ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെല്‍ട്ടര്‍ഹോം വളപ്പിലെ മരത്തില്‍ കയറുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം നേരം മുള്‍മുനയില്‍ നിര്‍ത്തിയ പ്രതി ഒടുവില്‍ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയില്‍ തന്നെ കൃത്യം വീണു.
ജയില്‍ മോചിതനാകണമെന്നതാണ് ഇയാളുടെ പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജഡ്ജിയെ നേരില്‍ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഏറെ നേരം അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചു. മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇയാള്‍ക്ക് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളില്‍ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാള്‍. പിന്നീട് കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു.
2016 ലാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്ന് 2020 ല്‍ തുറന്ന ജയിലിലേക്കു മാറ്റി. പിന്നീട് പരോള്‍ ലഭിച്ച് നാട്ടിലേക്കു പോയി.
പരോള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ എത്തിച്ചു. മാനസിക പ്രശ്‌നങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.