ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: 24 മണിക്കൂറിനിടെ ആറ് മരണം; മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു

ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: 24 മണിക്കൂറിനിടെ ആറ് മരണം; മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ ജൂണ്‍ ഒന്നിന് ശേഷം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു.

ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകള്‍ക്ക് പിന്നാലെ രാജ്‌കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്‌കോട്ടില്‍ കനത്ത മഴയില്‍ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. രാജ്‌കോട്ടില്‍ റോഡിലെ വെള്ളക്കെട്ടില്‍ മോട്ടോര്‍സൈക്കിള്‍ വീണ് ഒഴുക്കില്‍പ്പെട്ട അമ്പതുകാരന്‍ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയില്‍ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീന്‍ കുളത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ സംസ്ഥാനത്ത് മരിച്ചു. മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചു. പാല്‍ഘറിനടുത്ത് വസായിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. നാഗ്പൂരില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും സംസ്ഥാന ധ്രുത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

നാസിക്, പാല്‍ഘര്‍, പുനെ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ടാണ്.

മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ബേതുള്‍ ജില്ലയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയ്ക്ക് കുറുകെ പാലത്തിലൂടെ യാത്ര ചെയ്ത വാഹനം ഒഴുക്കില്‍പ്പെട്ടു. മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, കേരളം, മാഹി, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്ര, കൊങ്കണ്‍ തീരങ്ങളിലും കനത്ത മഴ അടുത്ത രണ്ട് ദിവസം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.