ജനീവ: അതിവ്യാപന ശേഷിയുള്ള പുതിയ ഒമിക്രോണ്‍ വകഭേദമായ ബി.എ. 2.75 ന്റെ വേഗത്തിലുള്ള വ്യാപനത്തില്‍ ആശങ്കയോടെ ലോകം. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത 'സെന്റോറസ്' എന്ന് വിളിപ്പേരുള്ള പുതിയ വകഭേദം ഇതിനോടകം മിക്ക രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, ജര്‍മ്മനി, കാനഡ ഉള്‍പ്പടെ 10 രാജ്യങ്ങളില്‍ ബി.എ. 2.75 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനാ സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. 4.6 മില്യണ്‍ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.
മെയ് ആദ്യമാണ് ഇന്ത്യയില്‍ സെന്റോറസ് കണ്ടെത്തുന്നത്. പിന്നീട് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ബി.എ. 5 വേരിയന്റിനേക്കാള്‍ വ്യാപന തോത് കൂടിയതായിരുന്നു ഇത്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും മുമ്പ് ഉണ്ടായിരുന്ന ബി.എ.2 വേരിയന്റിന് രൂപമാറ്റം സംഭവിച്ചതാണ് പുതിയ വകഭേദം.
യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) ജൂലൈ ഏഴിനു ബി എ 2.75 നെ ഗൗരവമായി നിരീക്ഷിക്കേണ്ട വകഭേദമയി പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട് എന്ന കണ്ടെത്തലിലാണ് ഇസിഡിസി പ്രത്യേക ശ്രദ്ധ ഈ വിഷയത്തില്‍ കൊടുത്തത്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (ഡബ്ല്യുഎച്ച്ഒ) പുതിയ വേരിയന്റിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നിരുന്നാലും അതിന്റെ തീവ്രത വിലയിരുത്താന്‍ മതിയായ സാമ്പിളുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ബി എ 2 നെ അപേക്ഷിച്ചു ബി എ 2.75 യില്‍ വ്യാപനം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ കൂടുതല്‍ ആണ്. അതായത് ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും മാരക വ്യാപന ശേഷിയുള്ളത് എന്ന് ലീഡ്‌സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. മ്യൂട്ടേഷനല്ല സംയോജനമാണ് വ്യാപന ശേഷിക്ക് കാരണമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ വൈറോളജിസ്റ്റ് ഡാ. ടോം പീക്കോക്ക് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.