ടെക്‌സാസ്: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിരോധന നിയമം പാസാക്കിയതോടെ മെക്‌സിക്കോയില്‍ നിന്ന് അബോര്‍ഷന്‍ ഗുളികകളുടെ കള്ളക്കടത്ത് ശക്തമായതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ടെക്‌സാസ് മേഖലയിലെ ഗര്‍ഭച്ഛിദ്രാനുകൂല ഗ്രൂപ്പുകള്‍ക്ക് ഭൂഗര്‍ഭ കള്ളക്കടത്ത് പാതകള്‍ വഴിയും അല്ലാതെയും ഗര്‍ഭച്ഛിദ്ര ഗുളികകള്‍ വ്യാപകമായി എത്തുന്നതായും ഇവര്‍ ശൃംഖലവഴി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ എത്തിക്കുന്നതായും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം അതിര്‍ത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് കടന്ന മൂന്ന് മെക്‌സിക്കന്‍ സ്ത്രീകളെ പരിശോധിച്ചപ്പോള്‍ ഇവരുടെ ബാഗിനുള്ളില്‍ നിന്ന് വലിയ അളവില്‍ ഗര്‍ഭച്ഛിദ്ര ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ടെക്‌സാസിലെ ഗര്‍ഭച്ഛിദ്രാനുകൂല ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കള്ളക്കടത്ത് രഹസ്യ പാതകള്‍ വഴി വ്യാപകമായി ഗര്‍ഭച്ഛിദ്ര ഗുളികകള്‍ അമേരിക്കയിലേക്ക് എത്തിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പാക്കിയതോടെ അബോര്‍ഷന് ശക്തമായ നിയന്ത്രണം രാജ്യത്തിന് വന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ അന്യ രാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി. ഇത് ഭാരിച്ച ചിലവായതോടെയാണ് ഗര്‍ഭച്ഛിദ്ര ഗുളികളെ ആശ്രയിക്കാനുള്ള താരതമേന്യ ചിലവ് കുറഞ്ഞതും എളുപ്പമായതുമായ മാര്‍ഗം സ്വീകരിക്കാന്‍ ഇവര്‍ തയാറായത്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കള്ളക്കടത്തുകാര്‍ മയക്കുമരുന്നുകള്‍ക്കൊപ്പം ഗര്‍ഭച്ഛിദ്ര ഗുളികകളും അമേരിക്കയിലേക്ക് വ്യാപകമായി കടത്താന്‍ ആരംഭിച്ചത്.
രാജ്യത്തേക്ക് മയക്കുമരുന്ന കടത്താന്‍ ഉപയോഗിക്കുന്ന 30 ഭൂഗര്‍ഭ പാതവഴി ഗര്‍ഭച്ഛിദ്ര ഗുളികകള്‍ കടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദിവസവും നൂറുകണക്കിന് സ്ട്രിപ്പുകള്‍ ഇത്തരത്തില്‍ കടത്തുന്നുണ്ട്. ഇതൊക്കെ സംസ്ഥാനത്തെ ഗര്‍ഭഛിദ്രാനുകൂല ഗ്രൂപ്പുകളുടെ കയ്യില്‍ എത്തുന്നു. അവര്‍ ഇത് ആവശ്യാനുസരണം ആവശ്യക്കാരില്‍ എത്തിച്ചു കൊടുക്കലാണ് പതിവ്.
പ്രമുഖ മെക്‌സിക്കന്‍ അബോര്‍ഷന്‍ ആക്ടിവിസ്റ്റായ വെറോണിക്ക ക്രൂസ് സാഞ്ചസിന്റെ ഗ്രൂപ്പായ ലാസ് ലിബ്രെസ് നെറ്റ്വര്‍ക്കാണ് കള്ളക്കടത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നത്. മറ്റൊരു ഗ്രൂപ്പായ സാന്ദ്ര കാര്‍ഡോണയുടെ വെബ്‌സൈറ്റിലേക്ക് 70 ലേറെ അഭ്യര്‍ത്ഥനകളാണ് അമേരിക്കയില്‍ നിന്ന് ലഭിച്ചത്. ഗര്‍ഭച്ഛിദ്രത്തിനുള്ള വ്യത്യസ്ഥ മാര്‍ഗങ്ങള്‍ തേടിയുള്ളതായിരുന്നു ഇ മെയ്‌ലുകള്‍.
ഗര്‍ഭച്ഛിദ്രനിരോധനം ഇല്ലാത്ത മെക്‌സികോയിലെ അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങളും സ്വന്തംനിലയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള മാര്‍ഗങ്ങളുമാണ് ഇ മെയ്‌ലിന് മറുപടിയായി ഇവര്‍ നല്‍കിയത്.
ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കുന്ന സംസ്ഥാന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ 2021 ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അബോര്‍ഷന്‍ നിയമവിധേയമാക്കിയ രാജ്യമാണ് മെക്‌സികോ. ഗര്‍ഭച്ഛിദ്ര ഗുളികകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ കൈവശം വയ്ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ അവിടെ നിയമ തടസമില്ല.
അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിയമം റദ്ദാക്കുന്നതായുള്ള സൂചനകള്‍ പുറത്തു വന്നതിന് പിന്നാലെ മെക്‌സികോയിലെ ഗര്‍ഭച്ഛിദ്രാനുകൂല സംഘടനകള്‍ മെക്‌സിക്കന്‍ അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി അബോര്‍ഷന്‍ സെന്ററുകള്‍ തുറന്നിരുന്നു. ഇതിലൊന്നില്‍ ടെക്‌സസില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ അടുത്തിടെ എത്തി ഗര്‍ഭച്ഛിദ്രം നടത്തിയതായുള്ള വിവരങ്ങളും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.