പകര്‍ച്ചവ്യാധികളുടെ ആധിയില്‍ കേരളം; സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളില്ല

പകര്‍ച്ചവ്യാധികളുടെ ആധിയില്‍ കേരളം; സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളില്ല

തിരുവനന്തപുരം: സംസ്ഥാനം പകര്‍ച്ച വ്യാധികളുടെ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ പോലും കിട്ടാനില്ലെന്ന ആക്ഷേപം ശക്തമാകുന്നു. പനി, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ജീവിത ശൈലീ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും ഉള്ള മരുന്നുകള്‍ വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ലെന്നാണ് വിവരം. മെഡിക്കല്‍ കോളജുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉള്‍പ്പെടെ മരുന്നു ക്ഷാമമുണ്ട്.

പനി ബാധിതര്‍ക്ക് നല്‍കുന്ന പാരസെറ്റാമോള്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളും പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇല്ല. അത്യാഹിത വിഭാഗങ്ങളില്‍ ആവശ്യമായ അഡ്രിനാലിന്‍ പോലും രോഗികളുടെ ബന്ധുക്കള്‍ പുറത്തു നിന്നു വാങ്ങി നല്‍കുകയാണ്.

സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്ന് വാങ്ങി നല്‍കുന്നത്. എഴുന്നൂറിലധികം മരുന്നുകള്‍ ഇതില്‍പ്പെടും. സാമ്പത്തിക വര്‍ഷം അവസാനിച്ചാലും അഞ്ച് മാസം കൂടി വിതരണം ചെയ്യാനുള്ള മരുന്ന് കണക്കാക്കി വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഈ കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.

കോവിഡ് സാഹചര്യം അവസാനിച്ചതോടെ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം ഉയര്‍ന്നു. സ്റ്റോക്ക് തികഞ്ഞില്ല. കാരുണ്യ പദ്ധതിയില്‍ നിന്നുള്ള 69 കോടി രൂപ ഉപയോഗിച്ച് ആശുപത്രികള്‍ തന്നെ മരുന്നു വാങ്ങാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ മാറി നിന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ കമ്പനികള്‍ മരുന്ന് എത്തിക്കുകയായിരുന്നു പതിവ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഡിസംബറിലാണ് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. കോവിഡ് കാരണമാണ് കാലതാമസമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും മരുന്നു ക്ഷാമത്തിന് ഇതും കാരണമായി. ടെന്‍ഡര്‍ വിളിച്ച എഴുപതിലധികം അവശ്യ മരുന്നുകള്‍ നല്‍കാന്‍ യോഗ്യതയുള്ള കമ്പനികളില്ലാതിരുന്നതും പ്രശ്നം സൃഷ്ടിച്ചു.

റീ ടെന്‍ഡര്‍ നടത്തിയിട്ടുണ്ട്. മരുന്നുക്ഷാമമില്ലെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. ഡിപ്പോകളില്‍ നിന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം മാത്രമാണുണ്ടായതെന്നും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.