കൊളംബോ: ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോതബായ രാജപക്‌സയുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ മഹിന്ദ യപ അബയ്‌വര്‍ധന അറിയിച്ചതിനു പിന്നാലെയാണ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതു വരെ റെനില്‍ തുടരും. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പുതിയ നീക്കം. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് തീരുമാനിക്കാന്‍ നാളെ പാര്‍ലമെന്റ് സമ്മേളനം ചേരും. എസ്.ജെ.ബി പാര്‍ട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും.
ജനാധിപത്യം പുനസ്ഥാപിക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. രജപക്സെ ഇന്നലെ തന്നെ രാജിക്കത്ത് നല്‍കിയെങ്കിലും സാങ്കേതിക കാരണം മൂലം ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റിന്റെ രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്. വിക്രമസിംഗെയും രാജിവെക്കണം എന്നാണ് ഇവരുടെ ആവശ്യം.
ജൂലൈ 20-ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട് ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് ഗോതബായക്ക് ഗത്യന്തരമില്ലാതെ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത്. പ്രക്ഷോഭകാരികള്‍ ഓഫിസും വസതിയും കൈയേറിയതിനുപിന്നാലെ രാജ്യത്തുനിന്ന് പലായനം ചെയ്യുകയായിരുന്നു ഗോതബായ.
ഗോതബായയുടെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്‌സയുടെയും കെടുകാര്യസ്ഥതയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജനങ്ങളുടെ ആരോപണം. ഇവരുടെ രാജിയാവശ്യപ്പെട്ട് ജനം രംഗത്തിറങ്ങുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അനുഭവിക്കുന്നത്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കൈയേറിയിരുന്നു. കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് കടന്ന ഗോതബായ പിന്നീട് സിംഗപ്പൂരിലെത്തിയിരുന്നു. അതേസമയം, ഗോതബായ അഭയം ആവശ്യപ്പെടുകയോ തങ്ങള്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂര്‍ അധികൃതര്‍ വ്യക്തമാക്കി. സിംഗപ്പൂര്‍ വഴി സൗദിയിലെത്താനാണ് ഗോതബായയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.