നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. കേസ് നാളെയാണ് വിചാരണക്കോടതി പരിഗണിക്കുക.

ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങല്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ച സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.

പ്രതിയായ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പൊലീസിനെതിരെ ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണന്നും നടനെ അറസ്റ്റ് ചെയ്തതില്‍ തെറ്റു പറ്റിയെന്നും പറഞ്ഞാല്‍ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും അവര്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.