കേരളത്തെ പൂസാക്കി പോക്കറ്റടി: വരുന്നു...സര്‍ക്കാര്‍ വക 'മലബാര്‍ ബ്രാന്‍ഡി'; ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

കേരളത്തെ പൂസാക്കി പോക്കറ്റടി: വരുന്നു...സര്‍ക്കാര്‍ വക 'മലബാര്‍ ബ്രാന്‍ഡി';  ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന മോഹന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് വരുമാനം കൂട്ടാന്‍ മദ്യം തന്നെ മുഖ്യ ശരണം. മദ്യം വിറ്റ് വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ തന്നെ 'മലബാര്‍' എന്ന പേരില്‍ ബ്രാന്‍ഡി വിപണിയിലിറക്കുന്നു.

വരുമാനം കുറഞ്ഞവര്‍ കൂടുതലായി ആശ്രമിക്കുന്ന ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ തന്നെ റമ്മും ബ്രാന്‍ഡിയും വരുന്നതോടെ ബെവ് കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ ന്യായീകരണം. കുറച്ചു നാളുകളായി മദ്യനിര്‍മ്മാണ കമ്പനികളും ബെവ് കോയും തമ്മില്‍ ശീത സമരത്തിലാണ്.

തങ്ങളുടെ ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ കമ്മീഷന്‍ നല്‍കണമെന്ന ബെവ് കോയുടെ ആവശ്യം മദ്യ നിര്‍മ്മാണ കമ്പനികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡി നിര്‍മ്മാണം സ്വന്തമായി ആരംഭിക്കാന്‍ തീരുമാനിച്ചത്.

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നായിരിക്കും മലബാര്‍ എന്ന പേരിലുള്ള ബ്രാന്‍ഡി പുറത്തിറങ്ങുക. ആറ് മാസത്തിനുള്ളില്‍ മലബാര്‍ ബ്രാന്‍ഡി വിപണിയില്‍ എത്തും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ നിന്നുള്ള ജവാന്‍ റമ്മിന്റെ ഉല്‍പാദനം 63,000 ലിറ്ററില്‍ നിന്നും 1.4 ലക്ഷം ലിറ്റര്‍ ആക്കി ഉയര്‍ത്തും. നാല് മാസത്തിനുള്ളില്‍ ഉല്‍പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

ഐടി പാര്‍ക്കുകളില്‍ ബാര്‍ നിയമ വിധേയമാക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനവും മദ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടുന്നതിന്റെ ഭാഗമാണ്. മാത്രമല്ല, പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ തീരുമാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.