തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഒരാഴ്ച്ചയായി തകര്‍ത്തു പെയ്ത കനത്ത മഴയ്ക്ക് ശനിയാഴ്ച്ച വൈകുന്നേരത്തോടെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട കനത്ത മഴ ചിലയിടങ്ങളില്‍ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ശനിയാഴ്ച്ച കാലവര്‍ഷക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രം 10 കോടിയോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
കാസര്‍കോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷാന്‍ ആരോണ്‍ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോടുണ്ടായ മഴക്കെടുതിയില്‍ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്.
തൃശ്ശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. പുത്തന്‍ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് തുടങ്ങിയ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തില്‍ കൂടി യാത്ര ചെയ്യാന്‍ പാടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.