കുടുംബ ബജറ്റില്‍ വില്ലനായി ജിഎസ്ടി; പായ്ക്ക് ചെയ്ത നിത്യോപയോഗ സാധനങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും

കുടുംബ ബജറ്റില്‍ വില്ലനായി ജിഎസ്ടി; പായ്ക്ക് ചെയ്ത നിത്യോപയോഗ സാധനങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും

തിരുവനന്തപുരം: കഴിഞ്ഞ മാസം ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ച നികുതി പരിഷ്‌ക്കരണം നാളെ മുതല്‍ നടപ്പാക്കും. ഇതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്കും അരി മുതലായ ഭക്ഷ്യധാന്യങ്ങള്‍ക്കും വില കൂടും.ഇതോടെ ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം നികുതിയാകും.

സംസ്ഥാനത്തെ പലചരക്ക് വിപണിയില്‍ 80ശതമാനവും ഇത്തരത്തിലുള്ള ഉല്‍പന്നങ്ങളാണ് ഉള്ളത്. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാല് ഉല്‍പന്നങ്ങളില്‍ പാലിന് ഒഴികെ എല്ലായിനങ്ങള്‍ക്കും നികുതി നല്‍കണം.

അതായത് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന അരി, പയര്‍, കടല, പരിപ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വില്‍ക്കുന്നവയ്‌ക്കെല്ലാം നികുതിയുണ്ട്. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര അടക്കമുള്ളവയ്ക്കും വില കൂടും.

കൂടാതെ ബാങ്കിന്റെ ചെക്ക് ബുക്കിന് 18 ശതമാനം നികുതി അക്കൗണ്ടില്‍ നിന്ന് പിടിക്കും. ദിവസം 5000 രൂപയ്ക്കു മുകളില്‍ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് അഞ്ച് ശതമാനം നികുതി ഈടാക്കും. ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറി വാടകയില്‍ 12 ശതമാനം നികുതി ചുമത്തും. നിലവില്‍ ഇവ രണ്ടിനും ജി.എസ്.ടി ബാധകമായിരുന്നില്ല.

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറഞ്ഞിരുന്നു. ജി.എസ്.ടി.നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതും കഴിഞ്ഞ മാസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിറുത്തിവച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള കുറക്കു വഴിയായാണ് നിത്യോപയോഗ സാധനങ്ങളെ നികുതി ഘടനയില്‍ പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്.

വില കൂടുന്ന മറ്റിനങ്ങള്‍ ഇവയാണ്


എല്‍.ഇ.ഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടിമഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തി, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്‌നെറും ബ്ലേഡും, സ്പൂണ്‍, ഫോര്‍ക്ക്, കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രക്കല്ല്, സോളര്‍ വാട്ടര്‍ ഹീറ്റര്‍, ഭൂപടം, ചിട്ടി ഫണ്ട് ഫോര്‍മാന്‍ സേവനം, ടെട്രാപാക്ക് എന്നിവയ്ക്കും വില കൂടും.

ജി.എസ്.ടി നികുതി പരിഷ്‌ക്കരണം നിലവില്‍ വരുന്ന ജൂലൈ 18 കരിദിനമായി ആചരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വ്യാപാര,വ്യവസായ സ്ഥാപനങ്ങളില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.