രാജ്യത്ത് വാക്‌സിനേഷന്‍ 200 കോടി കടന്നു; കോവിഡ് പ്രതിരോധത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

രാജ്യത്ത് വാക്‌സിനേഷന്‍ 200 കോടി കടന്നു; കോവിഡ് പ്രതിരോധത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ യജ്ഞത്തില്‍ പുതിയൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ. ലോകം കണ്ട ഏറ്റവും കടുത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ ആരംഭിച്ച കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്ത് 200 കോടി പിന്നിട്ടു. 2021 ജനുവരി 16 മുതല്‍ രാജ്യ വ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് ഇന്ത്യയില്‍ 200 കോടി വാക്സിന്‍ ഡോസുകളുടെ വിതരണം പൂര്‍ത്തീകരിച്ചത്.

രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിനേഷന്‍ നല്‍കിയത്. പിന്നീട് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള കുത്തിവെയ്പ്പ് 2021 ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസിനു മുകളില്‍ പ്രായമുള്ളവര്‍) 45 വയസിനു മുകളിലുള്ള ഗുരുതര രോഗബാധിതര്‍ക്കും വാക്സിനേഷന്റെ അടുത്ത ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ചു.

2021 മെയ് ഒന്നു മുതല്‍ എല്ലാ മുതിര്‍ന്നവര്‍ക്കും കൊറോണ വൈറസിനെതിരെ വാക്‌സിനേഷന്‍ നല്‍കിക്കൊണ്ട് കാമ്പെയ്നിന്റെ പരിധി വിപുലീകരിച്ചു. 2022 മാര്‍ച്ച് 16 മുതല്‍ രാജ്യം 12-14 പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാന്‍ തുടങ്ങി. ഏപ്രില്‍ 10ന് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് എല്ലാ മുതിര്‍ന്നവര്‍ക്കും സൗജന്യ മുന്‍കരുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 75 ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ജൂലൈ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.